വാഷിങ്ടൻ: റഷ്യയുമായി ഇനി എണ്ണ വ്യാപാരം ഇന്ത്യ നടത്തില്ലെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യൻ എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോടു പറഞ്ഞതായി ട്രംപ് തിങ്കളാഴ്ചയും ആവർത്തിച്ച് വ്യക്തമാക്കി. ‘‘ഇന്ത്യൻ പ്രധാനമന്ത്രി മോദിയുമായി ഞാൻ സംസാരിച്ചു, റഷ്യൻ എണ്ണയുടെ കാര്യം അദ്ദേഹം ചെയ്യില്ലെന്നു പറഞ്ഞു’’ – പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണ്ണിൽ വച്ച് മാധ്യമപ്രവർത്തകരോടു സംസാരിക്കവെ ട്രംപ് പറഞ്ഞു.
അതേസമയം കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ട്രംപ് ഇത്തരമൊരു പ്രസ്താവന നടത്തുന്നത്. ഇതിനിടെ റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ട്രംപും മോദിയും തമ്മിൽ ഫോൺ സംഭാഷണം നടന്നിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതിനെക്കുറിച്ചു ചോദിച്ചപ്പോൾ, ‘‘അങ്ങനെ പറയാൻ അവർ ആഗ്രഹിക്കുന്നുവെങ്കിൽ, ഇനിയും വലിയ തോതിലുള്ള തീരുവകൾ അവർക്കു നേരിടേണ്ടിവരും. അങ്ങനെയൊരു അവസ്ഥ അഭിമുഖീകരിക്കാൻ അവർക്ക് താൽപര്യം ഉണ്ടാകില്ല’’ – ട്രംപിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
നിലവിൽ ഇന്ത്യൻ ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് 50% തീരുവ ചുമത്തിയതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയും യുഎസും തമ്മിൽ നടക്കുന്ന വ്യാപാര ചർച്ചകൾക്കിടെയാണ് ട്രംപിന്റെ ഏറ്റവും പുതിയ പ്രസ്താവന. റഷ്യയുമായി എണ്ണ വ്യാപാരം നടത്തുന്നതിന് ഇന്ത്യയ്ക്ക് അധിക പിഴയായി 25% തീരുവ കൂടി ട്രംപ് പ്രഖ്യാപിച്ചിരുന്നു. അത് ഓഗസ്റ്റിൽ നിലവിൽ വരികയും ചെയ്തു. യുക്രെയ്നുമായുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയ്ക്കു മേൽ സമ്മർദ്ദം ചെലുത്താനുള്ള ശ്രമമായാണ് ഈ നീക്കം വിലയിരുത്തപ്പെട്ടത്.