ട്രംപിന്റെ പകരച്ചുങ്കത്തിൽ വീണ്ടും ആടിയുലഞ്ഞ് സ്വർണ വിപണി. കേരളത്തിൽ ഇന്നും സ്വർണവിലയിൽ വമ്പൻ ഇടിവ്. പവന് 720 രൂപയും ഗ്രാമിന് 90 രൂപയും ഒറ്റയടിക്ക് കുറഞ്ഞു. ഇന്നലെ പവന് 1,280 രൂപയും ഗ്രാമിന് 160 രൂപയും കുറഞ്ഞിരുന്നു. ഇതോടെ രണ്ടുദിവസത്തിനിടെ പവന് 2,000 രൂപയുടെ ഇടിവാണുണ്ടായത്. ഇന്ന് പവന് വില 66,480 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്.
ഏപ്രിൽ 3ന് സ്വർണ വില സംസ്ഥാനത്തെ സർവകാല റെക്കോർഡായ ഗ്രാമിന് 8,560 രൂപയും പവന് 68,480 രൂപയിലെത്തിയതായിരുന്നു. വീണ്ടും കുതിച്ചുകയറുമെന്ന് കരുതിയിടത്ത് ട്രംപ് കൊണ്ടുവന്ന പകരച്ചുങ്കം വിവാഹ വിപണിയിൽ നേട്ടമുണ്ടാക്കി. അതേസമയം 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 6810 രൂപയായി. വെള്ളിവില ഗ്രാമിന് 4 രൂപ കുറച്ച് 102 രൂപയായി.
രണ്ടുദിവസം മുമ്പ് ഔൺസിന് 3,166.99 ഡോളർ എന്ന സർവകാല ഉയരംതൊട്ട രാജ്യാന്തര വില 3,018 ഡോളർ വരെ താഴ്ന്ന പശ്ചാത്തലത്തിലാണ് കേരളത്തിലും വില കുറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിലെ റെക്കോർഡ് കുതിപ്പ് മുതലെടുത്ത് ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപ പദ്ധതികളിൽ ലാഭമെടുപ്പ് തകൃതിയായതോടെ രാജ്യാന്തര വില വീഴുകയായിരുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം വൻതോതിൽ മെച്ചപ്പെട്ടത് ഇന്ത്യയിൽ സ്വർണവില കൂടുതൽ കുറയാൻ സഹായിച്ചു.
ഒരുവേള 84.95 വരെ രൂപ മുന്നേറി. നിലവിൽ മൂല്യം 85.24. അതേസമയം, യുഎസിനെതിരെ ചൈന 34% പകരച്ചുങ്കവുമായി തിരിച്ചടിച്ചതോടെ രാജ്യാന്തര സ്വർണവില 3,033 ഡോളറിലേക്ക് കയറി. അല്ലായിരുന്നെങ്കിൽ ഇന്ന് കേരളത്തിൽ സ്വർണവില കൂടുതൽ ഇടിയുമായിരുന്നു.