വാഷിങ്ടൻ: ഒരു ആവേശത്തിന് കിണറ്റിൽ ചാടിയ പോലെയായോ പകരച്ചുങ്കം എന്ന കൺഫ്യൂഷനിലാണ് അമേരിക്ക. പകരച്ചുങ്കം ഏർപ്പെടുത്തിയതോടെ ഓഹരിവിപണികൾ താഴേക്ക് കൂപ്പുകുത്തുകയും യുഎസ് ഓഹരികൾക്കൊപ്പം എണ്ണവിലയും ഇടിയാൻ തുടങ്ങിയതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് വിപണികൾ നേരിടുന്നത്. ഇതോടെ പകരച്ചുങ്കത്തിൽ അനുനയ നീക്കത്തിനുള്ള തയാറെടുപ്പിലാണ് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്.
പുതിയ താരിഫ് നയത്തിൽ ഇന്ത്യ, വിയറ്റ്നാം, ഇസ്രയേൽ രാജ്യങ്ങളുമായി യുഎസ് വ്യാപാര ചർച്ചകൾ നടത്തി വരികയാണെന്നാണ് റിപ്പോർട്ട്. ഈ രാജ്യങ്ങളുടെ പ്രതിനിധികളുമായി ഡോണാൾഡ് ട്രംപ് വ്യക്തിപരമായി ചർച്ച നടത്തുന്നുണ്ടെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്തു. പകരച്ചുങ്കം പൂർണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ചർച്ച.
അതേസമയം ഇരു രാജ്യങ്ങൾക്കും പരസ്പര ധാരണയിലെത്താൻ സാധിച്ചാൽ തീരുവ പൂജ്യമാകുമെന്ന് വിയറ്റ്നാം കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ടോ ലാം പറഞ്ഞാതായി ട്രംപ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. വ്യാപാര ചർച്ചകൾ വേഗത്തിലാക്കാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ശ്രമം നടത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. തീരുവ പ്രാബല്യത്തിൽ വരുന്ന ഈ മാസം 9നു മുൻപു രാജ്യങ്ങളുമായി കരാറിൽ ഏർപ്പെടുന്നതിനായുള്ള ശ്രമങ്ങളിൽ ട്രംപ് വ്യക്തിപരമായി ഇടപെടുമെന്നും യുഎസിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
നിലവിൽ 26 ശതമാനമാണ് ഇന്ത്യയ്ക്കു മേൽ യുഎസ് ഏർപ്പെടുത്തിയിരിക്കുന്ന പങ്കരചുങ്കം. പകരച്ചുങ്കം ഏർപ്പെടുത്തിയതിനു പിന്നാലെ സെൻസസും സ്വർണവിലയിലും വൻ ഇടിവ് രേഖപ്പെടുത്തി. രണ്ടുദിവസം കൊണ്ട് സ്വർണവിലയിൽ 2000 രൂപയുടെ കുറവാണ് കേരളത്തിൽ രേഖപ്പെടുത്തിയത്. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒരാളാണ് യുഎസ്. പങ്കരചുങ്കം ചെമ്മീൻ ഉൾപ്പെടെയുള്ള സമുദ്രോൽപന്നങ്ങളുടെ കയറ്റുമതിയേയും വസ്ത്ര കയറ്റുമതിയേയും ബാധിച്ചിട്ടുണ്ട്.
ലോകത്തെ ഏതാണ്ട് 185 ഓളം രാജ്യങ്ങൾക്കുമേൽ ട്രംപ് ഒറ്റയടിക്ക് അടിച്ചേൽപ്പിച്ച പകരച്ചുങ്കം യുഎസിനു തന്നെ വിനയാകുമെന്ന് നേരത്തെതന്നെ വിലയിരുത്തലുകൾ ഉണ്ട്. ലോകം പുതിയതും കൂടുതൽ ശക്തവുമായ വ്യാപാരയുദ്ധത്തിലേക്കാണ് പോകുന്നതെന്നും അത് നിലവിൽ തന്നെ മാന്ദ്യത്തിന്റെ നിഴലിലായ യുഎസ് സമ്പദ്‍വ്യവസ്ഥയെ കൂടുതൽ തകർക്കുമെന്നുമാണ് സാമ്പത്തിക നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.