റിയോ ഡി ജനീറോ: ബ്രസീലിലെ റിയോ ഡി ജനീറോയിൽ ബ്രിക്സ് ഉച്ചകോടി പുരോഗമിക്കവെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബ്രിക്സ് രാജ്യങ്ങൾക്കെതിരെ വീണ്ടും ഭീഷണി മുവക്കി രംഗത്ത്. ബ്രിക്സിന്റെ ‘അമേരിക്കൻ വിരുദ്ധ നയങ്ങളുമായി’ യോജിക്കുന്ന ഏതൊരു രാജ്യത്തിനും 10% അധിക തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ പുതിയ ഭീഷണി. ഇതിന് യാതൊരുവിധ ഇളവുകളും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎസ് തീരുവ നടപടികളെ അപലപിച്ചുകൊണ്ടുള്ള ബ്രിക്സ് പ്രഖ്യാപനത്തിൽ ഇന്ത്യയടക്കമുള്ള അംഗരാഷ്ട്രങ്ങൾ ഒപ്പുവെച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രതികരണം. നേരത്തെ, ബ്രിക്സ് ബ്ലോക്ക് യുഎസ് ഡോളറിന് പകരം മറ്റ് കറൻസികൾ ഉപയോഗിക്കാൻ പദ്ധതിയിട്ടാൽ ഇന്ത്യ ഉൾപ്പെടെയുള്ള ബ്രിക്സ് രാജ്യങ്ങൾക്ക് 100% തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. വിവിധ രാജ്യങ്ങളുമായുള്ള തീരുവ കരാറുകളെക്കുറിച്ചുള്ള കത്തുകൾ ഇന്ന് മുതൽ അയച്ചുതുടങ്ങുമെന്നും ട്രംപ് അറിയിച്ചു.
അതേ സമയം ട്രംപിന്റെ ഭീഷണിക്കെതിരെ ശക്തമായ പ്രതികരണവുമായി ചൈനയും രംഗത്തെത്തി. ബ്രിക്സ് കൂട്ടായ്മ ഒരു സംഘർഷവും ആഗ്രഹിക്കുന്നില്ലെന്നും തീരുവ നടപടികൾക്ക് ക്രിയാത്മകമല്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കൂടാതെ തീരുവകളെ ഒരു രാഷ്ട്രീയ സമ്മർദ്ദ ഉപാധിയായി ഉപയോഗിക്കുന്നതിനെ എതിർക്കുന്നുവെന്നും ബീജിംഗ് ആവർത്തിച്ചു. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയും പുതുതായി ചേർത്ത ഈജിപ്ത്, യുഎഇ തുടങ്ങിയ അംഗരാജ്യങ്ങളും ഉൾപ്പെടുന്ന ബ്രിക്സ് ഗ്രൂപ്പിനെ ലക്ഷ്യമിട്ട് അധിക തീരുവകൾ പരിഗണിക്കുമെന്ന് ട്രംപ് ആവർത്തിച്ചതിന് പിന്നാലെയാണ് ചൈനയുടെ മറുപടി.
ഇതിനിടെ പരോക്ഷ പ്രതികരണവുമായി ബ്രിക്സ് ഉച്ചകോടിയും രംഗത്തെത്തി. വ്യാപാരത്തെ വളച്ചൊടിക്കുകയും ഡബ്ല്യുടിഒ മാനദണ്ഡങ്ങൾ ലംഘിക്കുകയും ചെയ്യുന്ന. ഏകപക്ഷീയമായ തീരുവകളും അല്ലാത്തതുമായ നടപടികളുടെ വർദ്ധിച്ചുവരുന്ന ഉപയോഗത്തിൽ ബ്രിക്സ് രാജ്യങ്ങൾ ആശങ്ക രേഖപ്പെടുത്തി. ഈ പ്രസ്താവന ട്രംപ് ഭരണകൂടത്തെ വ്യക്തമായി ലക്ഷ്യമിട്ടായിരുന്നുവെങ്കിലും, ചില അംഗരാജ്യങ്ങൾക്ക് നേരിട്ട് യുഎസിനെ പേരെടുത്ത് പറയാൻ മടിയുണ്ടായിരുന്നതിനാൽ പ്രസ്താവനയിൽ യുഎസിന്റെ പേര് ഒഴിവാക്കുകയായിരുന്നു.
അതേസമയം ഇന്ത്യയും യുഎസും ഫെബ്രുവരിയിൽ ഉഭയകക്ഷി വ്യാപാര ഉടമ്പടിക്കായി ചർച്ചകൾ ആരംഭിച്ചു. സെപ്റ്റംബർ-ഒക്ടോബർ ആകുമ്പോഴേക്കും ആദ്യഘട്ടം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനിടെ, ഇരുപക്ഷവും ഒരു ഇടക്കാല വ്യാപാര കരാറിനായി ശ്രമം തുടങ്ങിയിട്ടുണ്ട്.