വാഷിങ്ടൻ: മൂന്നുവർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ റഷ്യയും–യുക്രെയ്നും ധാരണയിലെത്തുന്നതുവരെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി യാതൊരു വിധ ഒത്തുതീർപ്പു ചർച്ചക്കുമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ സമയം പാഴാക്കാനില്ലെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. വ്ലാഡിമിർ പുടിനുമായി നല്ല ബന്ധമാണുള്ളത്. എന്നാൽ ഇത്രയധികം ചർച്ചകൾ നടത്തിയിട്ടും ഒത്തുതീർപ്പ് നടക്കാത്തത് നിരാശപ്പെടുത്തിയെന്നും ട്രംപ് പറഞ്ഞു.
അതേസമയം 2022 ഫെബ്രുവരിയിലാണ് റഷ്യ– യുക്രെയ്ൻ യുദ്ധം ആരംഭിച്ചത്. ഓഗസ്റ്റ് 15നാണ് ട്രംപും പുട്ടിനും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. എന്നാൽ അതും തീരുമാനമാകാതെ അലസിപ്പിരിയുകയായിരുന്നു. ട്രംപിന്റെ 5 ദിവസത്തെ ഏഷ്യൻ സന്ദർശനം ആരംഭിച്ചിട്ടുണ്ട്. മലേഷ്യയിലെ ക്വാലലംപുരിൽ ഇന്ന് ആരംഭിക്കുന്ന ആസിയാൻ സമ്മേളനത്തിനെത്തുന്ന ട്രംപ് തുടർന്ന് ദക്ഷിണ കൊറിയയും ജപ്പാനും സന്ദർശിക്കും. വ്യാഴാഴ്ച ദക്ഷിണ കൊറിയയിലെ ബുസാനിൽ ‘അപെക്’ വ്യാപാര ഉച്ചകോടിയിൽ ട്രംപ് പങ്കെടുക്കും. ഇവിടെ വച്ചാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്ക് പദ്ധതിയിട്ടിട്ടുള്ളത്.
ഇതിനിടെ യുക്രെയ്ൻ തലസ്ഥാനമായ കീവിൽ ഉൾപ്പെടെ യുക്രെയ്നിൽ റഷ്യ നടത്തിയ മിസൈൽ – ഡ്രോൺ ആക്രമണത്തിൽ കഴിഞ്ഞ ദിവസം 4 പേർ കൊല്ലപ്പെട്ടിരുന്നു. 16 പേർക്കു പരുക്കേറ്റു. ഏതാനും ആക്രമണങ്ങൾ യുക്രെയ്ൻ മിസൈൽവേധ സംവിധാനം പരാജയപ്പെടുത്തി. റഷ്യ 9 മിസൈലുകളും 62 ഡ്രോണുകളുമാണ് തൊടുത്തതെന്ന് യുക്രെയ്ൻ വ്യോമസേന അറിയിച്ചു.
















































