ന്യുയോർക്ക്: ജപ്പാനുമായി പുതിയ വ്യാപാര കരാർ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര കരാർ’ എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു ട്രംപിന്‍റെ പ്രഖ്യാപനം. കരാർ പ്രകാരം ജപ്പാൻ, അമേരിക്കയിൽ 550 ബില്യൺ ഡോളറിന്റെ (ഏകദേശം 48 ലക്ഷം കോടി രൂപ) വൻ നിക്ഷേപം നടത്തുമെന്നും ട്രംപ് അവകാശപ്പെട്ടു. പുതിയ വ്യാപാര കരാർ പ്രകാരം, ജപ്പാനിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 15 ശതമാനം തീരുവ ഈടാക്കുമെന്നും പ്രസിഡന്‍റ് ട്രംപ് വ്യക്തമാക്കി.
അമേരിക്കൻ വാഹനങ്ങൾ, ട്രക്കുകൾ, അരി, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് ജപ്പാൻ വിപണി തുറന്നുനൽകുമെന്നും കരാറിലുണ്ട്. ഇത് അമേരിക്കൻ കയറ്റുമതിക്കാർക്ക് വലിയ അവസരമാകുമെന്ന് ട്രംപ് അവകാശപ്പെട്ടു. ഏറെ നാളത്തെ ചർച്ചകൾക്കും വലിയ തീരുവ ഭീഷണികൾക്കും ശേഷമാണ് അമേരിക്ക – ജപ്പാൻ വ്യാപാര കരാർ യാഥാർഥ്യമായത്. ജപ്പാന്റെ നിക്ഷേപം അമേരിക്കയിൽ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ട്രംപ് അവകാശപ്പെട്ടിട്ടുണ്ട്. എന്നാൽ കരാറിന്റെ വിശദാംശങ്ങൾ പൂർണമായി വെളിപ്പെടുത്തിയിട്ടില്ല.
ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബ വ്യാപാര കരാറിനെ സ്വാഗതം ചെയ്തെങ്കിലും ജപ്പാന്റെ ആഭ്യന്തര വിപണിയിൽ, പ്രത്യേകിച്ച് ഓട്ടോമോട്ടീവ് മേഖലയിൽ പുതിയ തീരുവ പ്രഖ്യാപനം വലിയ സമ്മർദ്ദം സൃഷ്ടിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഓഹരി വിപണിയിൽ ഇതിന്‍റെ പ്രതിഫലനം ഇപ്പോൾ തന്നെ ഉണ്ടായിട്ടുണ്ട്. ജപ്പാൻ ഓഹരി വിപണിയിൽ നഷ്ടം സഭവിക്കാനുള്ള സാധ്യതകളാണ് കാണുന്നത്. 2024 ൽ ജപ്പാനുമായുള്ള അമേരിക്കയുടെ വ്യാപാര കമ്മി 68.5 ബില്യൻ ഡോളറായിരുന്നു. ഇത് പുതിയ വ്യാപാര കരാർ വഴി കുറയ്ക്കാമെന്നതാണ് ട്രംപിന്‍റെ വിലയിരുത്തൽ.
യുനെസ്കോയിൽ നിന്ന് പിന്മാറുമെന്ന് ട്രംപ് ഭരണകൂടം
അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത യു എൻ സാംസ്കാരിക, വിദ്യാഭ്യാസ ഏജൻസിയായ യുനെസ്കോയിൽ നിന്ന് അമേരിക്ക പിന്മാറുന്നുവെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപനം നടത്തി എന്നതാണ്. 2026 ഡിസംബർ 31 ന് യുനെസ്കോയുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുമെന്നാണ് അമേരിക്ക വ്യക്തമാക്കിയത്. വിഭാഗീയ സാമൂഹിക, സാംസ്കാരിക വിഷയങ്ങളെ യുനെസ്കോ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടാണ് നടപടി. ‘അമേരിക്ക ഫസ്റ്റ്’ വിദേശനയവുമായി പൊരുത്തപ്പെടുന്നതല്ല യുനെസ്കോയുടെ പ്രവർത്തനങ്ങളെന്നും തീരുമാനം അറിയിച്ച യു എസ് സ്റ്റേറ്റ് ഡിപാർട്ട്മെന്റ് വക്താവ് ടാമി ബ്രൂസ് വിവരിച്ചു. യുനെസ്കോയ്ക്ക് ഇസ്രായേലിനോട് പക്ഷപാതിത്വമുണ്ടെന്നും ഭിന്നിപ്പിക്കുന്ന വിഷയങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അമേരിക്ക ആരോപിക്കുന്നുണ്ട്. പലസ്തീനെ ഒരു രാജ്യമായി അംഗീകരിച്ചതിലുള്ള യുനെസ്കോയുടെ ഇസ്രായേൽ വിരുദ്ധ നിലപാടും ബ്രൂസ് എടുത്തുപറഞ്ഞു. 2017 ലെ ട്രംപിന്റെ ആദ്യ ഭരണകാലത്ത് സമാനമായി യുനെസ്കോയിൽ നിന്ന് പിന്മാറിയിരുന്നെങ്കിലും ജോ ബൈഡൻ ഭരണകൂടം യു എസിനെ വീണ്ടും യുനെസ്കോയിൽ എത്തിച്ചിരുന്നു.