പാലക്കാട്: ഇറങ്ങേണ്ട സ്റ്റേഷൻ മാറിപ്പോയ യാത്രക്കാരൻ അപായച്ചങ്ങല വലിച്ചതിനെത്തുടർന്നു കണ്ണൂർ വളപട്ടണം പുഴയുടെ പാലത്തിനു നടുവിൽ ട്രെയിൻ നിന്നു. രക്ഷകനായി പാലക്കാട് സ്വദേശിയായ ടിക്കറ്റ് പരിശോധകൻ എം.പി.രമേഷ്. കഴിഞ്ഞദിവസം പുലർച്ചെ 3.45ന് തിരുവനന്തപുരം നോർത്ത് – മംഗളൂരു ഓണം സ്പെഷൽ (06042) ട്രെയിനാണ് യാത്രക്കാരൻ അപായച്ചങ്ങല വലിച്ചതിനെ തുടർന്നു പുഴയ്ക്കു നടുവിൽ പാലത്തിനു മുകളിൽ നിന്നത്.എസ്– വൺ കോച്ചിൽ നിന്ന് കണ്ണൂരിൽ ഇറങ്ങാൻ വിട്ടുപോയ യാത്രക്കാരനാണ് ചങ്ങല വലിച്ചത്. ട്രെയിൻ അപ്പോഴേക്കും വളപട്ടണം എത്തിയിരുന്നു. നിന്നു പോയ ട്രെയിൻ വീണ്ടും ഓടാൻ പ്രഷർ വാൽവ് പൂർവസ്ഥിതിയിലാക്കണം. ട്രെയിൻ പാലത്തിനു മുകളിൽ ആയതിനാൽ വശങ്ങളിലൂടെ ഇറങ്ങി വാൽവ് സെറ്റ് ചെയ്യാനായില്ല. ഗാർഡിനും ലോക്കോ പൈലറ്റിനും എത്തിപ്പെടാൻ ആകാത്ത സാഹചര്യവും. രണ്ടും കൽപിച്ചു കോച്ചുകൾക്കിടയിലെ വെസ്റ്റിബൂൾ വഴി രമേഷ് കോച്ചിനടിയിൽ ഇറങ്ങി. ഇരുട്ടത്തു കൈയിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ മാത്രമായിരുന്നു ആശ്രയം.
തുടർന്നു ടോർച്ചുമായി എത്തിയ ലോക്കോ പൈലറ്റും ഗാർഡും വേണ്ട നിർദേശങ്ങൾ നൽകി. ശ്രമകരമായി രമേഷ് പ്രഷർ വാൽവ് പൂർവസ്ഥിതിയിൽ എത്തിച്ചു. ഉണർന്നിരിക്കുന്ന ഏതാനും യാത്രക്കാരുടെ ബഹളംകേട്ട് മറ്റു യാത്രക്കാർ ഉണരുമ്പോൾ കാണുന്നത് പ്രഷർ വാൽവ് ശരിയാക്കി തിരിച്ചുകയറുന്ന ടിക്കറ്റ് പരിശോധകനെയാണ്. 8 മിനിറ്റിനു ശേഷം ട്രെയിൻ യാത്ര തുടർന്നു. പാലത്തിനു മുകളിൽ കൂടുതൽ നേരം ട്രെയിൻ നിൽക്കുന്നത് പാലത്തിന് അമിതഭാരമായി അപകടത്തിനിടയാക്കും. ഈ സാഹചര്യമാണ് അദ്ദേഹം ശ്രമകരമായി ഒഴിവാക്കിയത്.
പാലക്കാട് റെയിൽവേ ഡിവിഷനു കീഴിലെ മംഗളൂരു സ്ലീപ്പർ ഡിപ്പോയിലെ ട്രാവലിങ് ടിക്കറ്റ് ഇൻസ്‌പെക്ടർ ആയ എം.പി.രമേഷ് (39) പാലക്കാട് കൽപാത്തി അംബികാപുരം ഉത്തരം നിവാസിലെ മണിയുടെയും ബേബി സരോജയുടെയും മകനാണ്.