കാഞ്ഞിരപ്പള്ളി: ടി.ജെ. കരിമ്പനാൽ എന്ന അപ്പച്ചൻ ഇന്നത്തെ തലമുറയോടു ചോദിച്ചാൽ വെറുമൊരു പ്ലാന്റർ മാത്രം. പഴയ കാഞ്ഞിരപ്പള്ളിക്കാർക്ക് അപ്പച്ചൻ വെറുമൊരു പ്ലാന്ററല്ല, നിരവധിപ്പേരുടെ ജീവൻ രക്ഷിച്ച തനി കാഞ്ഞിരപ്പള്ളി അച്ചായനാണ്. കഴിഞ്ഞ ദിവസമാണ് ടി.ജെ. കരിമ്പനാൽ (87) എന്ന അപ്പച്ചൻ അന്തരിച്ചത്.
പാപ്പച്ചൻ ഹീറോയായ സംഭവം നടന്നത് 1986ൽ ആണ്. ജീപ്പിനോട് ഭ്രമമുള്ള അപ്പച്ചൻ മിലിട്ടറിയിൽനിന്ന് ലേലത്തിൽ വാങ്ങിയ ജീപ്പിലായിരുന്നു അന്നത്തെ യാത്ര. അന്നൊരു നവംബർ മാസമായിരുന്നു. പൊൻകുന്നം ഡിപ്പോയിലെ ബസ് കുമളിയിൽനിന്ന് എരുമേലിക്ക് ശബരിമല തീർഥാടകരുമായി പോയതാണ് ഒരു കെഎസ്ആർടിസി ബസ്. സീറ്റിലുള്ളവരെ കൂടാതെ നിരവധി തീർഥാടകർ ബസിനുള്ളിലുണ്ട്. കെകെ റോഡിൽ മരുതുംമൂട് വളവിന് മുമ്പേ ബ്രേക്ക് നഷ്ടപ്പെട്ട ബസ് ഡ്രൈവറുടെ നിയന്ത്രണത്തിനപ്പുറത്തായി. ഗിയർ മാറ്റിയും കല്ലുകളിൽ കയറ്റിയിറക്കിയും വേഗം കുറയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഈ സമയം അപ്പച്ചൻ ചെറുവള്ളിക്കുളത്തെ എസ്റ്റേറ്റിൽനിന്ന് കാഞ്ഞിരപ്പള്ളി കരിമ്പനാൽ വീട്ടിലേക്ക് ജീപ്പിൽ വരികയായിരുന്നു. ജീപ്പ് ബസിന് പിന്നിലായിരുന്നു. മുന്നിലുള്ള ബസിന്റെ പോക്ക് ശരിയല്ലെന്നുകണ്ട അപ്പച്ചന് കാര്യം മനസിലായി. കുത്തിറക്കവും വളവുമുള്ള റോഡിൽ ബസ് താഴേക്ക് പതിക്കാൻ സാധ്യതയേറെ. ബസിനുള്ളിൽനിന്ന് യാത്രക്കാരുടെ ശരണംവിളിയും ആർത്തനാദവും കേൾക്കാം. ഉടനെ തന്റെ ഡ്രൈവറെ പിൻസീറ്റിലിരുത്തി ജീപ്പോടിച്ചിരുന്ന അപ്പച്ചൻ തന്റെ ഡ്രൈവിങ് മികവ് തെളിയിച്ചുകൊണ്ട് ബസിനെ മറികടന്ന് മുൻപിലെത്തി.
ഇതുകണ്ട കെഎസ്ആർടിസി ഡ്രൈവർ നീണ്ട ഹോണടിച്ച് ജീപ്പ് മാറ്റാൻ സൂചന നൽകിയെങ്കിലും മനസാന്നിധ്യം കൈവിടാതെ ബസിന് മുൻപിൽതന്നെ ഫോർവീൽ ഡ്രൈവ് മോഡിലാക്കി ജീപ്പ് വേഗംകുറച്ച് ബസിടിക്കാൻ പാകത്തിൽ സൗകര്യമൊരുക്കി. ഇതോടെ ഒഴിവായത് അന്നുണ്ടാകാനിരുന്ന വൻ ദുരന്തമാണ്.
തിരുവനന്തപുരം സിഇടി എൻജീനീയറിങ് കോളേജിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ് വിജയിച്ച അപ്പച്ചൻ കരാട്ടെ വിദഗ്‌ധനുമായിരുന്നു. കരാട്ടെയിൽ ലഭിച്ച ധൈര്യവും യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ തുണച്ചു. കുറെക്കാലം ജർമനിയിൽ എൻജിനീയറായി ജോലിചെയ്ത അദ്ദേഹം പിന്നീട് നാട്ടിൽ മടങ്ങിയെത്തി കൃഷിയിൽ തുടരുകയായിരുന്നു. ടി.ജെ. കരിമ്പനാൽ എന്ന അപ്പച്ചന്റെ സംസ്‌കാരം കാഞ്ഞിരപ്പള്ളി സെയ്ന്റ് ഡോമിനിക്‌സ് കത്തീഡ്രൽ സെമിത്തേരിയിൽ നടത്തി.