ബെംഗളൂരു: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ അതി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം 30 കിലോമീറ്റർ അകലെയുള്ള കിണറ്റിൽ തള്ളിയ കേസിൽ യുവതി അറസ്റ്റിൽ. കർണാടകയിലെ തുമാകുരു ജില്ലയിലെ ടിപ്തുർ താലൂക്കിലെ കടാഷെട്ടിഹള്ളി വില്ലേജിലാണ് സംഭവം. സുമംഗല എന്ന യുവതിയാണു കാമുകനായ നാഗരാജുവിനൊപ്പം ചേർന്ന് ഭർത്താവ് ശങ്കരമൂർത്തിയെ ക്രൂരമായി കൊലപ്പെടുത്തിയത്.
കുറച്ചുനാളുകളായി ഫാം ഹൗസിൽ ഒറ്റയ്ക്ക് കഴിയുകയായിരുന്നു കൊല്ലപ്പെട്ട ശങ്കരമൂർത്തി. ടിപ്തൂരിലെ ഗേൾസ് ഹോസ്റ്റലിൽ പാചകത്തൊഴിലാളിയായിരുന്നു സുമംഗല. ഇതിനിടെ ഇരുവരും പ്രണയത്തിലായി. തുടർന്നു നാഗരാജുവിനൊപ്പം ജീവിക്കാനായി ശങ്കരമൂർത്തിയെ ഒഴിവാക്കാനാണ് സുമംഗല ക്രൂരകൃത്യം ചെയ്തത്. ഫാം ഹൗസിലെത്തിയ സുമംഗലയും നാഗരാജുവും ശങ്കരമൂർത്തിയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ ശേഷം മർദിച്ചു തറയിൽ വീഴ്ത്തുകയും കഴുത്തിൽ കാൽ അമർത്തി മരണം ഉറപ്പിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.
അതിനുശേഷം മൃതദേഹം ചാക്കിൽക്കെട്ടി 30 കിലോമീറ്ററകലെ കൃഷിയിടത്തിലെ കിണറ്റിൽ തള്ളി. ശങ്കരമൂർത്തിയെ കാണാനില്ലെന്ന പരാതിയിലാണ് ആദ്യം പോലീസ് അന്വേഷണം തുടങ്ങിയത്. എന്നാൽ ശങ്കരമൂർത്തിയുടെ വീട്ടിൽ മുളകുപൊടി ചിതറിക്കിടക്കുന്നത് കണ്ടതും മൽപ്പിടിത്തത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയതുമാണ് പോലീസിൽ സംശയം ജനിപ്പിച്ചത്. തുടർന്ന് നടത്തിയ അന്വേഷണം സുമംഗലയിലേക്ക് എത്തുകയായിരുന്നു. ഇവരുടെ ഫോൺ കോൾ വിവരങ്ങൾ പരിശോധിച്ച പോലീസ് നാഗരാജുവുമായുള്ള ബന്ധം മനസിലാക്കിയതോടെയാണ് കൊലപാതകം പുറംലോകമറിഞ്ഞത്.
















































