ആലപ്പുഴ: തോട്ടപ്പള്ളിയിലെ 62-കാരിയുടെ കൊലപാതകത്തിൽ ആദ്യം പ്രതിയാക്കിയ അബൂബക്കറിന്റെ കുടുംബം പോലീസിനെതിരെ പരാതിക്കൊരുങ്ങുന്നു. ചോദ്യംചെയ്യാൻ വിളിച്ചുവരുത്തിയ ശേഷമാണ് അബൂബക്കറിനെ കേസിൽ പ്രതിയാക്കിയതെന്ന് അബൂബക്കറിന്റെ കുടുംബം ആരോപിച്ചു. നിരപരാധിയെ പ്രതിയാക്കിയ സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും ഉൾപ്പെടെ പരാതി നൽകിയതായും മനുഷ്യാവകാശ കമ്മീഷനടക്കം ഇനി പരാതി നൽകുമെന്നും കുടുംബം പറഞ്ഞു.
തന്റെ പിതാവിനെ അകാരണമായി കേസിൽ കുടുക്കിയതാണെന്ന് അബൂബക്കറിന്റെ മകൻ മുഹമ്മദ് റാഷിം മാധ്യമങ്ങളോട് പറഞ്ഞു. ‘വാപ്പ വന്നുകഴിഞ്ഞപ്പോൾ വാപ്പാനെ കയറി കണ്ടോട്ടെയെന്ന് സിഐയോട് ഞാൻ ചോദിച്ചിരുന്നു. ആദ്യം പറ്റില്ലെന്ന് പറഞ്ഞു. പിന്നെ എന്തിനാണെന്ന് ചോദിച്ചു. ഞാൻ പറഞ്ഞു സമാധാനിപ്പിക്കാനാണെന്ന്. എന്നാൽ പോയി സംസാരിച്ചോ എന്ന് സിഐ പറഞ്ഞു. ഞാൻ ചെന്നപ്പോൾ വാപ്പ എന്നെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു. മോനെ എന്നെ പെടുത്തി എന്നുപറഞ്ഞാണ് വാപ്പ കരഞ്ഞത്.
എനിക്ക് സഹിക്കാൻ പറ്റിയില്ല. എന്റെ വാപ്പ അങ്ങനെ ചെയ്യില്ല. അങ്ങനെ ചെയ്യാനുള്ള ത്രാണിയില്ല. ഒന്ന് തൊട്ടാൽപോലും താഴെവീഴുന്ന മനുഷ്യനാണ്. അദ്ദേഹം ഒരുസ്ത്രീയെ ബലാത്സംഗംചെയ്ത് കൊന്നു എന്നുപറഞ്ഞാണ് എഫ്‌ഐആർ ഇട്ടിരിക്കുന്നത്. ഈ മനുഷ്യൻ ബലാത്സംഗംചെയ്തുവെന്ന് പറയുന്നത് അവിശ്വസനീയമായ കാര്യമാണ്. മുഖ്യമന്ത്രിക്കും ഡിജിപിക്കും എസ്പിക്കും പരാതി നൽകിയിട്ടുണ്ട്. പോലീസ് കംപ്ലയിന്റ് അതോറിറ്റിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി കൊടുക്കും”, മുഹമ്മദ് റാഷിം പറഞ്ഞു.
അതേസമയം തോട്ടപ്പള്ളിയിൽ തനിച്ചുതാമസിച്ചിരുന്ന അറുപത്തിരണ്ടുകാരി കൊല്ലപ്പെട്ട സംഭവത്തിൽ ആദ്യം അറസ്റ്റിലായ അബൂബക്കറല്ല യഥാർഥ പ്രതിയെന്ന് പോലീസ് കഴിഞ്ഞദിവസമാണ് വെളിപ്പെടുത്തിയത്. സ്വർണം ഉൾപ്പെടെയുള്ളവ മോഷ്ടിക്കാനെത്തിയ ദമ്പതിമാരാണ് കൊല നടത്തിയതെന്ന് പിന്നീട് പോലീസ് സ്ഥിരീകരിക്കുകയായിരുന്നു. കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് കരുതുന്നത്.
സംഭവത്തിൽ തൃക്കുന്നപ്പുഴ മുട്ടേക്കാട്ടിൽ സൈനുലാബ്ദീൻ (43), ഭാര്യ അനീഷ (38) എന്നിവരാണ് പ്രതികൾ. ഇതിൽ അറസ്റ്റ് ചെയ്ത സൈനുലാബ്ദീനെ റിമാൻഡ് ചെയ്തു. എന്നാൽ അപസ്മാര ലക്ഷണം കണ്ടതിനാൽ അനീഷയെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.
എന്നാൽ കൊലപാതകക്കുറ്റത്തിൽനിന്നു മാത്രമാണ് ആദ്യം അറസ്റ്റിലായ മണ്ണഞ്ചേരി അമ്പനാകുളങ്ങര പുത്തൻവീട്ടിൽ അബൂബക്കർ (68) മുക്തനായതെന്നാണ് പോലീസ് പറയുന്നത്. ഇയാൾ ഇപ്പോഴും ജയിലിലാണ്. ബലാത്സംഗമുൾപ്പെടെയുള്ള കുറ്റങ്ങൾ ഇയാൾ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഈ മാസം 17-നാണ് അറുപത്തിരണ്ടുകാരിയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവർ ബലാത്സംഗത്തിനിരയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.