ടെൽ അവീവ്: ഇന്ത്യയുടെയും യുഎസിന്റെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തീരുവ പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ചൂണ്ടിക്കാട്ടി ഇന്ത്യയുടെ തീരുവ 50 ശതമാനമായി യുഎസ് വർധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രസ്താവന.
അതിനിടെ നെതന്യാഹു ഉടൻ ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഇന്റലിജൻസ്, ഭീകരതയെ ചെറുക്കൽ തുടങ്ങിയ മേഖലകളിൽ ഉൾപ്പെടെ ഇന്ത്യ-ഇസ്രയേൽ സഹകരണത്തിന് വലിയ സാധ്യതകളുണ്ടെന്നും നെതന്യാഹു മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ നെതന്യാഹു ഇസ്രയേലിലെ ഇന്ത്യൻ അംബാസഡർ ജെ.പി.സിങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് നെതന്യാഹു ഇക്കാര്യം അറിയിച്ചത്.
അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവയും തമ്മിൽ ഫോണിൽ സംസാരിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫുകളെ നേരിടുന്നതിനെക്കുറിച്ചു ബ്രിക്സ് ഗ്രൂപ്പിൽ ചർച്ച ആരംഭിക്കുമെന്നു ഇന്നലെ ബ്രസീൽ പ്രസിഡന്റ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണു ഇരുവരും തമ്മിൽ ഇന്നു ഫോണിൽ സംസാരിച്ചത്. ട്രംപിനെയോ അദ്ദേഹത്തിന്റെ താരിഫുകളെയോ കുറിച്ച് നേരിട്ട് പരാമർശിക്കാതെ, വിവിധ പ്രാദേശിക, ആഗോള വിഷയങ്ങളെക്കുറിച്ചാണ് ഇരുവരും സംസാരിച്ചതെന്നാണു വിവരം.
യുഎസ് ഏറ്റവും ഉയർന്ന തീരുവ ചുമത്തിയ രണ്ട് രാജ്യങ്ങളാണു ബ്രസീലും ഇന്ത്യയും. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിലാണു ഇന്ത്യയുടെ മൊത്തം തീരുവ 50 ശതമാനമാക്കി യുഎസ് ഉയർത്തിയത്. ആദ്യം പ്രഖ്യാപിച്ച 25 % തീരുവ ഇന്ന് പ്രാബല്യത്തിൽവന്നു. ഇന്നലെ പ്രഖ്യാപിച്ച 25% തീരുവ ഓഗസ്റ്റ് 27ന് പ്രാബല്യത്തിൽ വരും. 27ന് മുൻപ് യുഎസിലേക്ക് കയറ്റി അയക്കുകയും സെപ്റ്റംബർ 17ന് മുൻപ് അവിടെ എത്തുകയും ചെയ്യുന്ന ഉൽപന്നങ്ങൾക്ക് ഇന്നലെ ചുമത്തിയ അധിക തീരുവായ 25% ബാധകമായിരിക്കില്ല.
ഇന്ത്യയ്ക്ക് 50% തീരുവ ഏർപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് പരോക്ഷ മറുപടി പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയിരുന്നു. കർഷകരുടെ താല്‍പര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ തീരുമാനത്തിന് വലിയ വില നൽകേണ്ടി വന്നേക്കാമെങ്കിലും കർഷകർക്കായി അതിനു തയാറാണെന്നും ഡോ.എം.എസ്.സ്വാമിനാഥൻ ജൻമശതാബ്ദി സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
‘‘കർഷകരുടെ താൽപര്യത്തിനാണ് നമ്മുടെ ഏറ്റവും വലിയ മുൻഗണന. കർഷകരുടെയും കന്നുകാലികളെ വളർത്തുന്നവരുടെയും മത്സ്യത്തൊഴിലാളികളുടെയും താൽപര്യങ്ങളിൽ ഒരിക്കലും രാജ്യം വിട്ടുവീഴ്ച ചെയ്യില്ല. ഇതിന് എനിക്ക് വ്യക്തിപരമായി വലിയ വില നൽകേണ്ടി വന്നേക്കാം. പക്ഷേ, ഞാൻ തയാറാണ്’’–പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ ആഴ്ച ചുമത്തിയ 25% പകരം തീരുവ യുഎസ് ഇരട്ടിയാക്കിയിരുന്നു. റഷ്യയിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിനാണ് തീരുവ 50 ശതമാനമാക്കിയത്. ആദ്യം പ്രഖ്യാപിച്ച 25% തീരുവ ഇന്ന് പ്രാബല്യത്തിൽവരും. ഇന്നലെ പ്രഖ്യാപിച്ച 25% തീരുവ ഓഗസ്റ്റ് 27നും. തീരുവ വർധിപ്പിച്ചതോടെ കയറ്റുമതി മേഖല വലിയ തിരിച്ചടി നേരിട്ടേക്കും. ഓഗസ്റ്റ് അവസാനവാരം യുഎസ് സംഘം വ്യാപാര ചർച്ചകൾക്കായി ഇന്ത്യയിൽ എത്താനിരിക്കെയാണ് ട്രംപിന്റെ ഇരട്ടി പ്രഹരം.