തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതിയായ സഹപ്രവർത്തകൻ സുകാന്തിനെതിരേ ഫോണിൽ നിന്ന് നിർണായക തെളിവുകൾ വീണ്ടെടുത്ത് പോലീസ്. സുകാന്തും ഐബി ഉദ്യോഗസ്ഥയും തമ്മിലുള്ള ടെലഗ്രാം ചാറ്റിന്റെ വിവരങ്ങളാണ് പോലീസ് വീണ്ടെടുത്തത്. അതിൽ യുവതിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് സുകാന്താണെന്നതിന്റെ ശക്തമായ തെളിവുകളാണ് പോലീസിന് കിട്ടിയത്.
ഇരുവരും തമ്മിൽ ടെലഗ്രാമിൽ നടത്തിയ ചാറ്റിങ്ങിനിടെ യുവതിയോട് നീ പോയി ചാകണം, നീ എന്ന് ചാകുമെന്നും സുകാന്ത് ചോദിക്കുന്നു. താൻ മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ നീ ഒഴിഞ്ഞുപോകണമെന്നും ഇയാൾ യുവതിയോട് ചാറ്റിൽ പറയുന്നുണ്ട്.
ഇരുവരുടേയും ചാറ്റുകൾ ഇങ്ങനെ:
സുകാന്ത്- എനിക്ക് നിന്നെ വേണ്ട
യുവതി- എനിക്ക് ഭൂമിയിൽ ജീവിക്കാൻ താത്പര്യമില്ല
സുകാന്ത്- നീ ഒഴിഞ്ഞാലേ എനിക്ക് അവളെ കല്യാണം കഴിക്കാൻ പറ്റൂ
യുവതി- അതിന് ഞാൻ എന്ത് ചെയ്യണം
സുകാന്ത്- നീ പോയി ചാകണം. നീ എന്ന് ചാകും?
യുവതി- ഓഗസ്റ്റ് 9-ന് മരിക്കും
അതേസമയം ഐബി ഉദ്യോഗസ്ഥയും സുകാന്തും തമ്മിൽ ടെലഗ്രാമിൽ നടത്തിയ ചാറ്റിങ്ങിന്റെ ഏതാനും ഭാഗങ്ങളാണ് ഇയാളുടെ ഫോൺ പരിശോധിച്ചതിൽനിന്ന് പോലീസിന് കണ്ടെടുക്കാനായത്. സുകാന്തിന്റെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള ചാവക്കാട്ടെ വാടകമുറിയിൽന്നാണ് ഇയാളുടെ ഐഫോൺ പോലീസ് കണ്ടെടുത്തത്. ഒളിവിൽപോകുന്നതിന് തലേദിവസം സുകാന്ത് ഈ മുറിയിൽ താമസിച്ചിരുന്നതായാണ് വിവരം. തുടർന്ന് പോലീസ് ഇവിടെ നടത്തിയ പരിശോധനയിൽ ഐഫോൺ കണ്ടെടുക്കുകയായിരുന്നു.
മാർച്ച് 24-നാണ് ഐബി ഉദ്യോഗസ്ഥയായ പത്തനംതിട്ട സ്വദേശിനിയെ തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷന് സമീപം പാളത്തിൽ മരിച്ചനിലയിൽ കണ്ടത്. ഇതുമായി ബന്ധപ്പെട്ട്, സഹപ്രവർത്തകൻ മലപ്പുറം എടപ്പാൾ സ്വദേശി സുകാന്ത് സുരേഷിനെതിരെ പേട്ട പോലീസ് കേസും എടുത്തു. എന്നാൽ, യുവതി മരിച്ച് രണ്ടുമാസം പിന്നിടുമ്പോഴും സുകാന്തിനെ കസ്റ്റഡിയിലെടുത്തിട്ടില്ല. സംഭവത്തെത്തുടർന്ന് ഐബിയിൽനിന്ന് സുകാന്തിനെ പിരിച്ചുവിട്ടിരുന്നു. അതേസമയം സുകാന്തിനെതിരേ ആത്മഹത്യാപ്രേരണ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പോലീസ് ചുമത്തിയിരുന്നത്. യുവതി ലൈംഗികാതിക്രമത്തിന് ഇരയായെന്ന് കണ്ടെത്തിയതോടെ ബലാത്സംഗക്കുറ്റവും ചുമത്തിയിരുന്നു. കൂടാതെ ഗർഭിണിയായിരുന്ന യുവതി ഗർഭം അലസിപ്പിച്ചതിന്റെയും ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടിന്റെയും രേഖകൾ പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ യുവതി മരിച്ചിട്ട് നാളെ രണ്ടു മാസമാകുമ്പോഴും പ്രതിയെ പിടികൂടാൻ പോലീസിനായിട്ടില്ല.