തിരുവനന്തപുരം: കലക്‌ടറേറ്റിൽ വീണ്ടും തേനീച്ച ആക്രമണം. തേനീച്ചകളുടെ കുത്തേറ്റ് 79 പേർ ആശുപത്രിയിൽ. ഇന്നലെ കലക്ടറേറ്റിലുണ്ടായ തേനീച്ച ആക്രമണം ചർച്ച ചെയ്യാൻ അടിയന്തരയോഗം ചേരുന്നതിനിടെയാണ് ഇന്ന് വീണ്ടും തേനീച്ചകൾ ആക്രമണം നടത്തിയത്. ഇന്നലെ ഇളകിയ തേനീച്ചക്കൂട്ടിൽനിന്നു തന്നെയാണ് രാവിലെ തേനീച്ചകൾ പുറത്തെത്തി കലക്ടറേറ്റിലേക്കു എത്തിയവരെ കുത്തിയത്. വലിയ മൂന്ന് കൂടുകളും ആറ് ചെറിയ തേനീച്ച കൂടുകളുമാണ് കലക്ടറേറ്റ് പരിസരത്തുള്ളത്. വനംവകുപ്പിന്റെ ഉൾപ്പെടെ സഹായത്തോടെ കൂടുകൾ പൂർണമായി ഇവിടെ നിന്ന് നീക്കം ചെയ്യുന്ന കാര്യം ചർച്ച ചെയ്യനാണ് യോഗം വിളിച്ചത്.
ഇന്നലെ ബോംബ് ഭീഷണിയെത്തുടർന്നു പരിശോധന നടത്തുന്നതിനിടെയാണ് തേനീച്ചക്കൂട് ഇളകി ജീവനക്കാർക്കും ജനങ്ങൾക്കും മാധ്യമപ്രവർത്തകർക്കുമടക്കം ഇരുനൂറിലേറെ പേർക്ക് കുത്തേറ്റത്. ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്നതിനിടെ ഉച്ചയ്ക്കു ശേഷം മൂന്നോടെയായിരുന്നു സംഭവം. സിവിൽ സ്റ്റേഷന്റെ അഞ്ചാം നിലയിലെ പുറംചുമരിലെ 3 തേനീച്ചക്കൂടുകളിലൊന്നാണ് ഇളകിയത്. തേനീച്ച ആക്രമണം രൂക്ഷമായതോടെ കലക്ടർ, സബ് കലക്ടർ ഒ.വി. ആൽഫ്രഡ്, എഡിഎം ബീന പി. ആനന്ദ് എന്നിവരുടെ വാഹനങ്ങളിൽ ജീവനക്കാരെ കലക്ടറേറ്റിനു പുറത്തെത്തിച്ചു. വളപ്പിലുണ്ടായിരുന്ന കെഎസ്ആർടിസി ബസുകളും ഇതിനായി ഉപയോഗിച്ചു.
അതേസമയം റവന്യു വകുപ്പിലെ വനിതാ ടൈപ്പിസ്റ്റ് വിചിത്ര (35), ഓഫിസ് അസിസ്റ്റന്റ് സജികുമാർ (52), ജയരാജ് (42), ഷീബ (38), പ്രിയദർശൻ (31), സുമേഷ് (35), സാന്ദ്ര (26), ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് ഡപ്യൂട്ടി ചീഫ് ന്യൂസ് ഫൊട്ടോഗ്രഫർ ബി.പി. ദീപു എന്നിവർ ദേഹമാസകലം കുത്തേറ്റു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സബ് കലക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർക്കും കുത്തേറ്റിരുന്നു. കലക്ടർ അനുകുമാരി ഉൾപ്പെടെയുള്ളവർ കാറിൽ കയറിയാണ് രക്ഷപ്പെട്ടത്. മലയാള മനോരമ ചീഫ് ഫൊട്ടോഗ്രഫർ റിങ്കുരാജ് മട്ടാഞ്ചേരിയിൽ, മനോരമ ന്യൂസ് റിപ്പോർട്ടർ ശ്യാം കാങ്കാലിൽ, ഡ്രൈവർ ഹരിദർശൻ എന്നിവരടക്കം മാധ്യമപ്രവർത്തകർക്കും 5 പോലീസുകാർക്കും 2 ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്കും കുത്തേറ്റിരുന്നു.
ഇന്നുണ്ടായ തേനീച്ച ആക്രമണത്തിൽ പേരൂർക്കട ജില്ലാ ആശുപത്രിയിൽ മാത്രം 79 പേരാണ് ചികിത്സ തേടിയത്. ബോംബ് സ്‌ക്വാഡ് ഉദ്യോഗസ്ഥർ ഉൾപ്പെടെ പലരും ഹെൽമറ്റ് ധരിച്ച് രക്ഷാമാർഗം തേടി ഓടിയപ്പോൾ വനിതാ ജീവനക്കാർ ഷാളും സാരിയും ഉപയോഗിച്ചും മറ്റു ചിലർ ചാക്കും ഹാർഡ് ബോർഡും കൊണ്ടും മുഖംമറച്ച് ഓടി. ചിലർ കെട്ടിടത്തിൽ കുടുങ്ങി. മറ്റു ചിലർ കാറിനുള്ളിൽ അടച്ചിരുന്നു.
കൂടിന്റെ ഒരു ഭാഗം അടർന്നു വീണതോടെയാണ് തേനീച്ചക്കൂട്ടം ആക്രമിച്ചത്. കലക്ടറും ഉദ്യോഗസ്ഥരും ഉൾപ്പെടെ എല്ലാവരും പുറത്തു നിൽക്കുന്നതിനിടെയാണ് തേനീച്ചക്കൂടിളകിയത്. ഒറ്റപ്പെട്ടു പോയവരെ തേനീച്ചകൾ പൊതിഞ്ഞു കുത്തി. കലക്ടറുടെ ഓഫിസ് സ്ഥിതിചെയ്യുന്ന മന്ദിരത്തിൽ 3 തേനീച്ചക്കൂടുകളാണുള്ളത്. ഇവ ജീവനക്കാർക്ക് ഭീഷണിയാണ്. 3 മാസം മുൻപ് ഒരു കൂട് അഗ്‌നിരക്ഷാ സേന നീക്കി. ഇപ്പോഴുള്ള മൂന്നു കൂടുകളും നീക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.