തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽഡിഎഫിന് അനുകൂല തരംഗം ഉണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി. എല്ലാവരും ശ്രദ്ധിക്കുന്നത് തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പാണെന്നും ഇത്തവണയും മികച്ച വിജയം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ തവണ എൽഡിഎഫ് 54 സീറ്റ് നേടി. ഇത്തവണയും പുറകോട്ട് പോകില്ല.
പ്രതിപക്ഷത്തിന്റെ ഒരു ആരോപണവും ജനങ്ങളെ ഏശിയിട്ടില്ല. 55-60 സീറ്റെങ്കിലും ഇത്തവണ നേടും. ബിജെപിയുടെ 10 സീറ്റുകൾ എങ്കിലും കുറയുമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു. ബിജെപിയുടെ സാങ്കൽപിക മേയർമാരായി മത്സരിച്ചവർ തന്നെ പരാജയപ്പെടുമെന്നും കഴിഞ്ഞ തവണ ബിജെപിക്ക് സീറ്റ് കൂടിയത് ബിജെപി – കോൺഗ്രസ് രഹസ്യ ബന്ധത്തിലൂടെയാണെന്നും അദ്ദേഹം ആരോപിച്ചു. റിസൾട്ട് വരാനുള്ള രണ്ട് മണിക്കൂർ ബിജെപിയും കോൺഗ്രസും അവരുടെ മേയർ ഉണ്ടാകും എന്ന് കരുതട്ടെ. റിസൾട്ടിന് ശേഷം തങ്ങൾ നോക്കിക്കോളാമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ 30 വർഷത്തോളമായി തിരുവനന്തപുരം കോർപ്പറേഷൻ എൽഡിഎഫാണ് ഭരിക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും പ്രതിപക്ഷ കക്ഷിയാകാൻ ബിജെപിക്ക് കഴിഞ്ഞ കോർപ്പറേഷൻ കൂടിയാണ് തിരുവനന്തപുരം. ഇതുവരെയുള്ള ഫലസൂചനകൾ എൻഡിഎയ്ക്ക് അനുകൂലമാണ് താനും.
2020ൽ 10 സീറ്റിലേക്ക് ഒതുങ്ങിയ യുഡിഎഫിൻറെ സ്ഥിതി ദയനീയമായിരുന്നു. എന്നാൽ ഇത്തവണ കേരളത്തിൽത്തന്നെ ആദ്യമായി സ്ഥാനാർഥി നിർണയം നടത്തി കോർപ്പറേഷൻ തെരഞ്ഞെടുപ്പിന് ഇറങ്ങിയ കോൺഗ്രസ് മുൻ എംഎൽഎ ശബരിനാഥിനെയാണ് മേയർ സ്ഥാനാർത്ഥിയാക്കി ഉയർത്തികാട്ടുന്നത്.
അതുപോലെ മുൻ ഡിജിപി ആർ ശ്രീലേഖയെ മേയർ സ്ഥാനാർത്ഥിയാക്കി ബിജെപിയും കച്ചമുറുക്കിയതോടെ കേരളം ഉറ്റുനോക്കുന്ന ത്രികോണ മത്സരമാണ് തിരുവനന്തപുരം കോർപ്പറേഷനിലേത്. ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്പി ദീപക്, മുൻ മേയർ കെ ശ്രീകുമാർ വഞ്ചിയൂർ ബാബു, ആർ പി ശിവജി തുടങ്ങിയവരെയാണ് ഇടതുപക്ഷം ഇറക്കിയത്.
















































