പത്തനംതിട്ട: പോലീസ് വിട്ടയച്ച ആളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത് . കോയിപ്രം സ്വദേശി സുരേഷിന്റെ(43) പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നാല് വാരിയെല്ലുകൾക്ക് പൊട്ടലുള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ചൂരൽ കൊണ്ട് അടിച്ചുവെന്ന് കരുതുന്ന പാടുകളും ശരീരത്തിലുണ്ടതായാണ് റിപ്പോർട്ട്. പോലീസ് വിട്ടയച്ചതിന്റെ ആറാം ദിവസമാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കഞ്ചാവ് ബീഡി വലിച്ചുവെന്ന് ആരോപിച്ച് മാർച്ച് 19-ാം തീയതിയാണ് സുരേഷിനെ കോയിപ്രം പോലീസ് കസ്റ്റഡിയിൽ എടുക്കുകയും കേസ് രജിസ്റ്റർ ചെയ്ത് വിട്ടയക്കുകയും ചെയ്തത്. പിന്നീട് ചോദ്യം ചെയ്യലിന്റെ ഭാഗമായി സുരേഷിനെ വീണ്ടും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇക്കാര്യം കോയിപ്രം സിഐ വ്യക്തമാക്കുന്നുണ്ട്. ഇതിന് ശേഷം, 22ാം തീയതി, സുരേഷിന്റെ വീട്ടിൽനിന്ന് ഏകദേശം 25 കിലോമീറ്റർ അകലെ കോന്നി പോലീസ് സ്റ്റേഷൻ പരിധിയിലെ കൃഷിയിടത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
20-ാം തീയതി വൈകുന്നേരം വീട്ടിൽ മൂന്നുപേർ എത്തുകയും വാഹനത്തിൽ സുരേഷിനെ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തുവെന്നാണ് സുരേഷിന്റെ മാതാവ് പറയുന്നത്. യൂണിഫോമിലുണ്ടായിരുന്നവരാണ് വീട്ടിലെത്തിയതെന്നാണ് അമ്മ പറയുന്നത്.
ദുരൂഹതയാരോപിച്ച് സുരേഷിന്റെ സഹോദരൻ രംഗത്തെത്തിയിട്ടുണ്ട്.