ഗർഭിണിയാണെന്നറിഞ്ഞ് 17 മണിക്കൂറുകൾക്കകം കുഞ്ഞിനു ജന്മം നൽകിയ അവിശ്വസനീയമായ അനുഭവം പങ്കുവച്ച് യുവതി. ഓസ്ട്രേലിയൻ സ്വദേശിയായ ഷാർലറ്റ് സമ്മർ എന്ന യുവതിയാണ് ‘ക്രിപ്റ്റിക് പ്രഗ്നൻസി’ എന്ന അത്യപൂർവമായ അവസ്ഥയിലൂടെ കടന്നുപോയ അനുഭവം പങ്കുവച്ചത്. ഗർഭാവസ്ഥയുടെ അവസാനഘട്ടം വരെ ഒരു സ്ത്രീക്ക് താൻ ഗർഭിണിയാണെന്ന് അറിയില്ലെന്നതാണ് ‘ക്രിപ്റ്റിക് പ്രഗ്നൻസി’യുടെ പ്രത്യേകത.
പ്രസവത്തിനു മുൻപ് ശരീരഭാരം കൂടുകയും ഉപയോഗിക്കുന്ന വസ്ത്രങ്ങളുടെ വലുപ്പം വർധിക്കുകയും ചെയ്തത് ഷാർലറ്റ് ശ്രദ്ധിച്ചിരുന്നു. ഇതേതുടർന്ന് അവർക്ക് മാനസിക സമ്മർദമുണ്ടായിരുന്നു. എന്നാൽ അപ്പോഴും ഗർഭിണിയാണെന്ന് യുവതി അറിഞ്ഞിരുന്നില്ലെന്നാണ് ‘മിറർ’ റിപ്പോർട്ട് ചെയ്തത്.
‘ഞാൻ 8 സൈസുള്ള വസ്ത്രങ്ങൾ വാങ്ങാൻ തുടങ്ങി. ശരീരഭാരം അൽപം വർധിച്ചെന്നാണ് കരുതിയത്. രണ്ടരവർഷമായി എനിക്കൊരു ബന്ധമുണ്ട്. സന്തോഷമുള്ളതും ആരോഗ്യപരവുമായ ബന്ധമുള്ളതിനാലാണ് ശരീരഭാരം വർധിച്ചതെന്നാണ് ഞാൻ കരുതിയത്. മാനസിക സമ്മർദമുണ്ടാക്കുന്ന പലകാര്യങ്ങളും എനിക്ക് ആ സമയത്തുണ്ടായിരുന്നു.’– ഷാർലറ്റ് ടിക് ടോക്കിൽ പങ്കുവച്ച വിഡിയോയിൽ വ്യക്തമാക്കി.
സാധാരണ ആരോഗ്യ പരിശോധനകളുടെ ഭാഗമായി ഒരു ഡോക്ടറെ സമീപിച്ചു. അദ്ദേഹം ഗർഭപരിശോധന നടത്താൻ നിർദേശിച്ചു. പരിശോധനയിലാണ് ഗർഭിണിയാണെന്ന് അറിഞ്ഞതെന്നും ഷാർലറ്റ് അറിയിച്ചു. ഗർഭാവസ്ഥയുടെ തുടക്കമായിരിക്കുമെന്നാണ് കരുതിയത്. തുടർന്ന് അൾട്രാസൗണ്ട് സ്കാനിങ് നടത്തിയപ്പോഴാണ് ഞെട്ടിപ്പോയതെന്നും യുവതി പറയുന്നു. സ്കാനിങ്ങിൽ 38 ആഴ്ചയും നാലുദിവസവും ഗർഭിണിയാണെന്നു വ്യക്തമായി. സ്കാനിങ്ങിനു ശേഷം നേരിയ അസ്വസ്ഥതയുണ്ടായി. തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും 17 മണിക്കൂറിനകം ഷാർലെറ്റ് ആൺകുഞ്ഞിനു ജന്മം നൽകുകയും ചെയ്തു.
ഗര്‍ഭാവസ്ഥയിൽ തുടർച്ചയായി ഗർഭനിരോധന മാർഗങ്ങൾ സ്വീകരിച്ചിരുന്നു. ആർത്തവം ഉണ്ടാവുകയും ചെയ്തു. സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങൾക്കകം തന്നെ ഷാർലെറ്റി ഗർഭകാല അനുഭവം ശ്രദ്ധനേടി. എന്നാൽ ഇത് വിശ്വസനീയമല്ലെന്നാണ് പലരും കമന്റ് ചെയ്തത്. ഇതിനു തെളിവായി ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ച ആശുപത്രി റിപ്പോർട്ടും പ്രസവവിവാരങ്ങളും യുവതി പങ്കുവയ്ക്കുകയും ചെയ്തു.