തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാനേജിങ് ഡയറക്ടർ ദിവ്യ എസ് അയ്യർ. താൻ ചുമതലയേറ്റ നിരവധി കേസുകൾ തടസം നിൽക്കുന്ന സമയമായിരുന്നു. വിഭവസമാഹരണവും വെല്ലുവിളിയായിരുന്നു. എന്നാൽ എല്ലാം ഇന്ന് മാറി. ട്രയൽ റൺ തുടങ്ങിയ ശേഷം മാത്രം 300 കോടി രൂപ സർക്കാർ ഖജനാവിലേക്ക് ജിഎസ്‌ടിയായി എത്തി. വിഴിഞ്ഞം രണ്ടാം ഘട്ട വികസനത്തിൻ്റെ നിർമ്മാണം ഈ വർഷം തുടങ്ങുമെന്നും അവർ വ്യക്തമാക്കി.
ഈ ഘട്ടത്തിലെ തർക്കങ്ങൾ ഏത് കല്യാണ വീട്ടിലും കാണുന്ന തരം നിസാര തർക്കങ്ങളെന്നും ദിവ്യ എസ് അയ്യർ പ്രതികരിച്ചു. നാടിനാണു വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ്. എല്ലാവർക്കും എന്റേതാണ് എന്ന് പറയാൻ ഒരു ആഗ്രഹമുണ്ട്. ഈ കാലഘട്ടത്തിലാണ് ഇത് നിർമിച്ചത് എന്നാകും ചരിത്രത്തിൽ രേഖപ്പെടുത്തുകയെന്നും അവർ പറഞ്ഞു.
നിലവിലെ ട്രാൻസ്ഷിപ്മെൻ്റ് തുറമുഖമെന്ന പ്രവർത്തനത്തിൻ്റെ മൂല്യ വർധിത നടപടികൾ വികസിപ്പിക്കും. കയറ്റുമതി, ഇറക്കുമതിക്ക് വേണ്ടിയുള്ള റൂട്ടുകൾ കണ്ടെത്തും. 2028 ആകുമ്പോഴേക്കും സ്വകാര്യ നിക്ഷേപം 10000 കോടിയെത്തുമെന്നാണ് കരുതുന്നത്. തുറമുഖത്ത് നിന്നുള്ള അപ്രോച് റോഡും സർവീസ് റോഡും ഈ വർഷം നിർമിക്കും. ഔട്ടർ റിങ് റോഡ് വിഴിഞ്ഞം തുറമുഖ അതോറിറ്റിയുടെ ചുമതലയിലല്ല. അതും വേഗത്തിൽ നടപ്പാക്കാനാണ് ശ്രമം. ടണൽ റെയിലിന് ചിലയിടത്ത് സാമൂഹികാഘാതം ദുരീകരിക്കുന്നതിന് ജനങ്ങളുമായി സംസാരിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു.