ദില്ലി: 2000ലും 2001ലും അമർനാഥ് തീർത്ഥാടകരെ ലക്ഷ്യം വച്ചശേഷം ജമ്മു കശ്മീരിൽ സാധാരണക്കാർക്ക് നേരെ ഭീകരർ ഇത്ര വലിയ ആക്രമണം നടത്തുന്നത് ആദ്യമാണ്. സൈനിക വേഷത്തിൽ തോക്കുകളുമായി ഭീകരർ എത്തിയപ്പോൾ പലരും കരുതിയത് മോക് ഡ്രില്ലാണെന്നായിരുന്നു.
അവധി ആഘോഷിക്കാനെത്തിയവർ, മിനി സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന കശ്മീരിന്റെ ഭംഗി നുകരാനെത്തിയവർ, വിവാഹത്തിന്റെ പുതുമോടിയിലെത്തിയവർ, രാജ്യത്തെ നടുക്കിയ അപ്രതീക്ഷിത ആക്രമണത്തിന്റെ ഇരകൾ പല തുറകളിൽ നിന്നുള്ളവരാണ്. പല ദേശക്കാരാണ്. പല ഭാഷ സംസാരിക്കുന്നവരാണ്. ഇന്നലെ പഹൽഗാമിലെ ബൈസരൻ താഴ്വരയിൽ ഭീകരരെത്തിയപ്പോൾ പലരും കരുതിയത് അതൊരു മോക്ഡ്രില്ലാണെന്നായിരുന്നു. എന്നാൽ കണക്കുകൂട്ടലുകൾ തെറ്റിച്ച് തോക്കുകളിൽ നിന്ന് വെടിയുണ്ടകൾ ചീറിയെത്തിയതോടെ എങ്ങുമുയർന്നത് നിലവിളികൾ മാത്രം. ഭാര്യയെ നഷ്ടപ്പെട്ടവർ, ഭർത്താവിനെ നഷ്ടപ്പെട്ടവർ, മാതാപിതാക്കളെ നഷ്ടപ്പെട്ടവർ എന്നിങ്ങനെ അവർ വേർതിരിക്കപ്പെട്ടു.
ലോകത്തിലെ മനോഹരമായ താഴ്വര നിമിഷങ്ങൾ കൊണ്ട് കുരുതിക്കളമായി മാറി. നിരവധി പേർ വെടിയേറ്റ് വീണു. അവരിലൊരാളായിരുന്നു ഭാര്യക്കും മകൾക്കും കൊച്ചുമക്കൾക്കുമൊപ്പം കശ്മീർ കാണാനെത്തിയ ഇടപ്പള്ളി സ്വദേശി രാമചന്ദ്രൻ. കൊച്ചിയിൽ ജോലി ചെയ്യുന്ന ഹരിയാന സ്വദേശിയായ നാവികസേനാ ഉദ്യോഗസ്ഥൻ വിനയ് നർവാളും തെലങ്കാനയിൽ നിന്നുള്ള ഇന്റലിജൻസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടവരിലുണ്ട്. വിനയ് നർവാളിന്റെ വിവാഹം കഴിഞ്ഞിട്ട് 6 ദിവസമേ ആയിരുന്നുള്ളൂ. ശിവമൊഗ്ഗയിൽ നിന്നെത്തിയ മഞ്ജുനാഥ റാവു വെടിയേറ്റ് വീണത് ഭാര്യയുടെ കൺമുന്നിലാണ്. കേരളത്തിൽ നിന്നുപോയ ഹൈക്കോടതി ജഡ്ജിമാരും എംഎൽഎമാരും കശ്മീരിൽ ഉണ്ടെയിരുന്നെങ്കിലും അവരെല്ലാം സുരക്ഷിതരാണ്.