കോഴിക്കോട്: ഗോവിന്ദപുരം സ്വദേശിയായ ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഷിംജിതയെ അറസ്റ്റുചെയ്യുന്നതിന് മുൻപുതന്നെ അന്വേഷണസംഘത്തിന് അവരുടെ മൊബൈൽഫോൺ ലഭിച്ചതായി സൂചന. യുവതിയുടെ ബന്ധു മുഖേന മൊബൈൽ ഫോൺ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്.
ഷിംജിത ബസിൽവെച്ച് ഏഴുവീഡിയോകൾ ചിത്രീകരിച്ചിരുന്നതായിട്ടാണ് പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുള്ളത്. ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് അസ്വാഭാവികമായി ഒന്നും നടന്നതായി കണ്ടെത്തിയിട്ടില്ല. ദീപക്കും യുവതിയും ബസിൽനിന്ന് സ്വാഭാവികമായി ഇറങ്ങിപ്പോകുന്നതും ദൃശ്യങ്ങളിലുണ്ട്.
ബസിൽവെച്ച് പീഡനശ്രമം നടന്നതായോ യുവതി പരാതിപ്പെട്ടതായോ ബസ് ജീവനക്കാരും മൊഴിനൽകിയിട്ടില്ല. റിമാൻഡിലുള്ള ഷിംജിത മുസ്തഫയെ കസ്റ്റഡിയിൽവാങ്ങുന്ന കാര്യത്തിൽ ഇതുവരെ പോലീസ് തീരുമാനമെടുത്തില്ല. സൈബർ സെല്ലിന്റെയും ഫൊറൻസിക് വിഭാഗത്തിന്റെയും പരിശോധനാഫലംകൂടി കിട്ടിയശേഷം കസ്റ്റഡി അപേക്ഷ നൽകാനാണ് തീരുമാനം. അടുത്ത ആഴ്ച കസ്റ്റഡി അപേക്ഷ നൽകുമെന്നാണ് വിവരം.












































