തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ പിടിച്ചുനിൽക്കാൻ ലൈഫ് മിഷനു നൽകിയ പണം തിരിച്ചെടുത്ത് സർക്കാർ. ലോകബാങ്ക് ഫണ്ട് വക മാറ്റിയതിനു പിന്നാലെയാണ് 137 കോടി ലൈഫ് മിഷനിൽ നിന്നു തിരികെ വാങ്ങിയത്.
ലൈഫ് മിഷന്റെ ബജറ്റ് വിഹിതമായി 692 കോടിയാണ് വകയിരുത്തിയത്. ഇതിൽ 247.36 കോടി രൂപ കൈമാറി. എന്നാൽ, സാമ്പത്തിക വർഷാവസാനം സർക്കാർ കടുത്ത ഞെരുക്കത്തിലായപ്പോൾ 137 കോടി രൂപ തിരികെ ട്രഷറിയിലേക്കു മാറ്റുകയായിരുന്നു.
ആവശ്യപ്പെട്ടിട്ടും പണം ട്രഷറിയിലേക്കു മാറ്റാത്ത സ്ഥാപനങ്ങൾക്കെതിരെ സർക്കാർ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാർച്ചിൽ സർക്കാർ പണമില്ലാതെ ബുദ്ധിമുട്ടിയപ്പോൾ എല്ലാ സ്ഥാപനങ്ങളോടും ബാങ്ക് അക്കൗണ്ടിലും മറ്റും സൂക്ഷിച്ചിരിക്കുന്ന പണം ട്രഷറിയിലേക്കു മാറ്റാൻ ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും ചില സ്ഥാപനങ്ങൾ പണം കൈമാറിയില്ല. ചില സ്ഥാപനങ്ങളാകട്ടെ പണം ബാങ്കിലില്ല എന്ന തെറ്റായ മറുപടിയും നൽകി. പണം മാറ്റാത്ത സ്ഥാപനങ്ങളിൽ നേരിട്ടെത്തി പരിശോധന നടത്താൻ ധനകാര്യ പരിശോധനാ വിഭാഗത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ് ധനവകുപ്പ്. വിവിധ ഓഫിസുകളിലെത്തി ഇവർ പരിശോധന തുടങ്ങിക്കഴിഞ്ഞു.