ദുബായ്: ദിവസങ്ങൾക്കു മുൻപ് കളിചിരികൾ നിറഞ്ഞുനിന്ന ആ വീട്ടിൽ ഇന്നു കണ്ണീർ തളംകെട്ടിയിരിക്കുകയാണ്. ഒരു ദിവസം കൊണ്ട് നാലു മക്കളെയാണ് മലപ്പുറം തിരൂർ കിഴിശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫിനും റുക്സാനയ്ക്കും നഷ്ടമായത്. ഇസയ്ക്കാകട്ടെ ഊണിലും ഉറക്കത്തിലും കൂടെയുണ്ടായിരുന്ന നാല് സഹോദരന്മാരേയും….
അബുദാബി- ദുബായ് റോഡിലെ ഗന്തൂത്തിനടുത്തുണ്ടായ വാഹനാപകടത്തിൽ പൊലിഞ്ഞുപോയ നാലു സഹോദരങ്ങൾക്കും പ്രവാസലോകം വിങ്ങുന്ന മനസോടെ വിടചൊല്ലി. മലപ്പുറം തിരൂർ കിഴിശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫിന്റെയും റുക്സാനയുടെയും മക്കളായ അഷാസ്(14), അമ്മാർ(12), അസാം(8), അയാഷ്(5) എന്നിവർക്ക് ദുബായുടെ മണ്ണിൽ അന്ത്യനിദ്ര. ഇന്ന്(ചൊവ്വ) വൈകിട്ട് നാലോടെ ദുബായ് മുഹൈസിനയിലെ അൽ ഷുഹാദ പള്ളിയിൽ നടന്ന ജനാസ നമസ്കാരത്തിന് പിന്നാലെ ഖബറടക്കി.
അതേസമയം കുട്ടികൾക്ക് അന്തിമോപചാരമർപ്പിക്കാൻ നൂറു കണക്കിന് പേർ എത്തിയിരുന്നു. നേരത്തെ ഉച്ചയ്ക്ക് നിശ്ചയിച്ചിരുന്ന സംസ്കാര ചടങ്ങുകൾ പിന്നീട് വൈകിട്ടത്തേക്കു മാറ്റുകയായിരുന്നു. അബുദാബിയിലെ പ്രാർഥനകൾക്ക് ശേഷം പൊന്നു മക്കളുടെ കുഞ്ഞുമുഖം അബുദാബി ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ ചികിത്സയിൽ കഴിയുന്ന മാതാപിക്കളായ അബ്ദുൽ ലത്തീഫിനെയും റുക്സാനയും അവസാനമായി കാണിച്ച ശേഷം ദുബായിൽ എത്തിച്ചു.
പിന്നീട് നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾക്കായിരുന്നു അബുദാബി ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റി സാക്ഷ്യം വഹിച്ചത്. മൃതദേഹങ്ങൾ ഖബറടക്കുന്നതിന് മുൻപായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മാതാപിതാക്കൾക്കും ഏക സഹോദരി ഇസയ്ക്കും അവസാനമായി കാണാൻ അവസരമൊരുക്കിയിരുന്നു. മക്കളുടെ കുഞ്ഞുമുഖങ്ങൾ അവസാനമായി കണ്ടു വിങ്ങിക്കരയുന്ന പിതാവ് അബ്ദുൽ ലത്തീഫിന്റെയും ഇസയുടെയും കരയാൻ പോലുമാകാത്ത റുക്സാനയുടെയും കാഴ്ച ആശുപത്രിയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി.
ഇതിനിടെ പരുക്കുകൾ അവഗണിച്ചും വീൽചെയറിൽ മക്കളെ അവസാനമായി യാത്രയാക്കാൻ അബ്ദുൽ ലത്തീഫ് ദുബായിലേക്ക് എത്തിയിരുന്നു. പ്രാർഥനയ്ക്ക് ശേഷം പിഞ്ചുമക്കളുടെ ചേതനയറ്റ ശരീരം ഖബറിലേക്കെടുക്കുമ്പോൾ ഹൃദയം തകർന്നിരിക്കുന്ന ആ മനുഷ്യനെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും സുഹൃത്തുക്കളും വിങ്ങിപ്പൊട്ടി.
ലിവ ഫെസ്റ്റിവൽ കണ്ട് മടങ്ങുന്നതിനിടെ ഞായറാഴ്ച പുലർച്ചെയായിരുന്നു ദാരുണ സംഭവം. നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞായിരുന്നു ദുരന്തം. മൂന്ന് കുട്ടികളും ഇവരുടെ വീട്ടുജോലിക്കാരി ബുഷ്റയും അപകടം നടന്ന ദിവസം തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന എട്ടു വയസുകാരൻ അസാം കൂടി തിങ്കളാഴ്ച രാത്രി മരണത്തിന് കീഴടങ്ങി. ബുഷ്റയുടെ മൃതദേഹം ഇന്നലെ രാത്രി നാട്ടിലെത്തിച്ച് ഇന്ന് രാവിലെ സംസ്കരിച്ചിരുന്നു.
അതേസമയം റുക്സാനയും ഏക സഹോദരി ഇസയും അബുദാബി ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ ചികിത്സയിൽ കഴിയുകയാണ്. അബ്ദുൽ ലത്തീഫിന്റെയും ഇസ്സയുടെയും ശസ്ത്രക്രിയയ്ക്ക് വിധേയയായ റുക്സാനയും നില മെച്ചപ്പെട്ടുവെങ്കിലും റുക്സാന ഇതുവരെ ആരോടും സംസാരിച്ചിട്ടില്ല. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേർന്ന് ആയിരക്കണക്കിന് മലയാളികളാണ് ഖബറടക്ക ചടങ്ങുകളിൽ സംബന്ധിക്കാൻ മുഹൈസിനയിലേക്ക് ഒഴുകിയെത്തിയത്. പ്രിയപ്പെട്ട പൊന്നോമനകളെ അവസാനമായി ഒരുനോക്ക് കാണാൻ വൻ ജനാവലി എത്തിച്ചേർന്നു. ഇത് കാരണം ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും പലർക്കും അവസാനമായി കാണാൻ സാധിക്കാതെ വരികയും ചെയ്തു. പ്രവാസത്തിന്റെ കളിമുറ്റങ്ങളിൽ ഒത്തുചേർന്ന് നടന്നിരുന്ന ആ നാല് സഹോദരങ്ങളും ഇനി ഒരേ മണ്ണിൽ ഒന്നിച്ച് അന്ത്യനിദ്ര കൊള്ളും.
















































