കോഴിക്കോട് വലിയങ്ങാടിയിലെത്തി തൊഴിലാളികൾക്കൊപ്പം സൗഹൃദം പങ്കുവച്ച് നടൻ ബാബു ആൻറണി. പ്രദർശനത്തിനൊരുങ്ങുന്ന പുതിയചിത്രം ‘കേക്ക് സ്റ്റോറി’യുടെ പ്രചരണാർത്ഥം അങ്ങാടിയിൽ എത്തിയതായിരുന്നു അദ്ദേഹം. ഏപ്രിൽ 19നാണ് ബാബു ആൻറണി പ്രധാന വേഷത്തിലെത്തുന്ന ചിത്രം റിലീസിനായി ഒരുങ്ങുന്നത്.
സൂപ്പർഹിറ്റായ ‘ചന്ത’ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വർഷങ്ങൾക്ക് മുൻപ് വലിയങ്ങാടിയിൽ വന്നതിൻറെ അനുഭവങ്ങൾ ബാബു ആൻറണി തൊഴിലാളികളുമായി പങ്കുവച്ചു. ചന്ത ചിത്രീകരിക്കുമ്പോൾ പരിചയപ്പെട്ടവരും അന്ന് സിനിമയിൽ അഭിനയിച്ചവരും സഹകരിച്ചവരുമായി വലിയൊരു വിഭാഗം ബാബു ആൻറണിയെ സ്വീകരിക്കാനായി എത്തിച്ചേർന്നിരുന്നു. പഴയ കഥകളും വിശേഷങ്ങളും വിവരിച്ചും തൊഴിലാളികൾക്കായി കൊണ്ടുവന്ന കേക്ക് അവർക്കൊപ്പം മുറിച്ചും അദ്ദേഹം വലിയങ്ങാടിയിൽ സമയം ചിലവിട്ടു. ചന്ത സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും വലിയങ്ങാടിയിലാണ് ചിത്രീകരിച്ചിട്ടുള്ളത്.
മാനത്തെ കൊട്ടാരം, ആലഞ്ചേരി തമ്പ്രാക്കൾ, ചന്ത, വൃദ്ധൻമാരെ സൂക്ഷിക്കുക തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ സുനിൽ ഒരിടവേളയ്ക്കുശേഷം ഒരുക്കുന്ന കേക്ക് സ്റ്റോറിയാണ് ബാബു ആൻറണിയുടെ പുതിയ ചിത്രം. സംവിധായകൻ സുനിലിൻറെ മകൾ വേദയാണ് ചിത്രത്തിലെ നായിക. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നതും വേദ സുനിലാണ്. സുനിലും വേദയും വലിയങ്ങാടിയിൽ നടന്ന സ്‌നേഹകൂട്ടായ്മയിൽ പങ്കെടുക്കാനെത്തിയിരുന്നു. കോഴിക്കോട് ബീച്ചിൽ നടന്ന സിനിമാ പ്രചരണ പരിപാടിയിലും ബാബു ആൻറണി പങ്കെടുക്കുകയുണ്ടായി.
ചിത്രവേദ റീൽസിൻ്റേയും ജെകെആർ ഫിലിംസിൻ്റേയും ബാനറിൽ ബിന്ദു സുനിലും ജയന്തകുമാർ അമൃതേശ്വരിയും ചേർന്നാണ് ‘കേക്ക് സ്റ്റോറി’ നിർമ്മിക്കുന്നത്. ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അശോകനാണ്. ബാബു ആൻറണി, ജോണി ആൻറണി, മേജർ രവി, കോട്ടയം രമേഷ്, അരുൺ കുമാർ, മല്ലിക സുകുമാരൻ, നീനാ കുറുപ്പ്, സാജു കൊടിയൻ, ദിനേഷ് പണിക്കർ, ഡൊമിനിക്, അൻസാർ കലാഭവൻ, ടിഎസ് സജി, ഗോവിന്ദ്, അശിൻ, ജിത്തു, ഗോകുൽ, സംഗീത കിങ്സ്ലി , ജനനി സജി, അമൃത ജയന്ത്, സിന്ധു ജയന്ത്, വിദ്യാ വിശ്വനാഥ് എന്നിവരും ജോസഫ് യുഎസ്എ, മിലിക്ക സെർബിയ, ലൂസ് കാലിഫോർണിയ, നാസ്തിയ മോസ്കോ തുടങ്ങി വിദേശികൾ ആയിട്ടുള്ള അഞ്ചുപേരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. കൂടാതെ തമിഴ് നടനായ റെഡിൻ കിൻസ്ലി ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. അദ്ദേഹം ഈ സിനിമയിൽ വളരെ പ്രധാനപ്പെട്ട ഒരു മുഴുനീള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം: ആർ എച്ച് അശോക്, പ്രദീപ് നായർ, മ്യൂസിക്: ജെറി അമൽദേവ്, എസ് പി വെങ്കിടേഷ്, എഡിറ്റർ: എംഎസ് അയ്യപ്പൻ നായർ, പ്രൊജക്ട് ഡിസൈനർ: എൻഎം ബാദുഷ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ജിബി മാള, വരികൾ: വിനായക് ശശികുമാർ, സന്തോഷ് വർമ്മ, കലാസംവിധാനം: സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: കലാമണ്ഡലം വൈശാഖ് ,സിജു കൃഷ്ണ, അസോസിയേറ്റ് ഡയറക്ടർ: നിധീഷ് ഇരിട്ടി, സ്റ്റിൽസ്: ഷാലു പേയാട്, അസിസ്റ്റൻറ് ഡയറക്ടേഴ്സ്: ഹാരിസ് ഹംസ, പ്രജി സുബ്രഹ്മണ്യൻ, രാഹുൽ കെ എം, പിആർഒ: ആതിര ദിൽജിത്ത്.