കോഴിക്കോട്: ധർമസ്ഥല സംഭവത്തിൽ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തിയ സംഭവത്തിൽ പ്രതികരിച്ച് ലോറി ഉടമ മനാഫ്. താൻ മതസ്പർദ്ധ വളർത്തിയിട്ടില്ലെന്നും ധർമസ്ഥലയുമായി ബന്ധപ്പെട്ട ഒരു വീഡിയോയ്ക്ക് ലൈക്ക് അടിച്ചതിനാണ് കേസ് ചുമത്തിയതെന്നും മനാഫ് മാധ്യമങ്ങളോട് പറഞ്ഞു. വീഡിയോ ചെയ്ത മല്ലു മാർട്ടിനെ അറിയില്ല, മല്ലു മാർട്ട് ട്രാവലിങ് എന്ന ആളുടെ ഒരു യൂട്യൂബ് വീഡിയോയുടെ താഴെ ലൈക്ക് അടിച്ചതിനാണ് തനിക്കെതിരെ കേസ് എടുത്തിട്ടുള്ളത്. ആയിരകണക്കിന് ആളുകൾ ലൈക്ക് ചെയ്ത വീഡിയോ ആണത്. അതിൽ എനിക്കെതിരെ മാത്രം കേസ് എടുത്തത് ഗൂഢാലോചനയുടെ ഭാഗമാണ് എന്നാണ് കരുതുന്നതെന്നും മനാഫ് പറഞ്ഞു. കേസിൽ രണ്ടാം പ്രതിയാണ് മനാഫ്.
മനാഫിനെതിരെ ഭാരതീയ ന്യായസംഹിതയിലെ 299-ാം വകുപ്പ് ചുമത്തിയാണ് ഉഡുപ്പി ടൗൺ പോലീസ് എഫ്ഐആർ ഇട്ടത്. മൂന്ന് വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. ധർമ്മസ്ഥല, മൂകാംബിക തുടങ്ങി ഹിന്ദു ക്ഷേത്രങ്ങൾക്കെതിരെ പ്രചാരണം നടത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്.
അതേസമയം മൂന്ന് ദിവസത്തിനകം പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലും പിന്നാലെ ഉഡുപ്പി പോലീസിന് മുന്നിലും ഹാജരാകണമെന്നാണ് മനാഫിനു കിട്ടിയ നിർദേശം. ധർമസ്ഥലയിലെ കൊലപാതകങ്ങളെപറ്റി പറയുന്ന ഒരു വീഡിയോയ്ക്ക് ലൈക് അടിച്ചതിനാണ് ഇത്രയും വലിയ കേസ്, അല്ലാതെ മറ്റൊരു തെറ്റും താൻ ചെയ്തിട്ടില്ല. ജൂലൈയിലാണ് എഫ്‌ഐആർ ഇട്ടത് എന്നാൽ രണ്ട് മാസത്തിനു ശേഷമാണ് അതിന്റെ കോപ്പി തന്റെ കൈയിൽ കിട്ടിയതെന്നും മനാഫ് പറഞ്ഞു.
ധർമസ്ഥലയിലെ കൂട്ടക്കൊല ആരോപണം നടന്ന സമയത്ത് ഇതുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകൾ മനാഫ് പങ്കുവെച്ചിരുന്നു. വെളിപ്പെടുത്തലുകൾ വ്യാജമാണെന്ന വാർത്ത വന്നതിന് പിന്നാലെ ഒളിവിൽപ്പോയെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും മനാഫ് തന്നെ അത് തള്ളിയിരുന്നു. ഇതിനിടെ തന്റെ ജീവന് ഭീഷണിയുണ്ടെന്നും പോലീസ് സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് കോഴിക്കോട് പോലീസ് കമ്മീഷണറെ കണ്ടെന്നും മനാഫ് പറഞ്ഞിരുന്നു.
അതേസമയം ധർമസ്ഥലയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിരവധി പെൺകുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ കുഴിച്ചുമൂടിയിട്ടുണ്ടെന്ന മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് വിവാദങ്ങൾ ഉടലെടുത്തത്. കുഴിച്ചിട്ട മൃതദേഹത്തിന്റെ അസ്ഥിയടക്കം പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയായിരുന്നു ശുചീകരണ തൊഴിലാളിയായ സിഎൻ ചിന്നയ്യ ബലാത്സംഗ കേസിൽ പോലീസിൽ പരാതി നൽകിയത്. ഇതിന് പിന്നാലെയാണ് ധർമ്മസ്ഥലയിൽ നിരവധി പേരെ കാണാതായതായി പരാതികളും ആരോപണങ്ങളുമെല്ലാം ഉയർന്നിരുന്നു. പിന്നാലെ കർണാടക സർക്കാർ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ചിരുന്നു.
പിന്നീട് ചിന്നയ്യ ഹാജരാക്കിയ തലയോട്ടി ഉൾപ്പെടെയുളള തെളിവുകൾ വ്യാജമാണ് എന്നായിരുന്നു എസ്ഐടി അന്വേഷണത്തിൽ കണ്ടെത്തി. കൂടാതെ മൊഴി അനുസരിച്ച് ധർമസ്ഥലയിലെ വിവിധയിടങ്ങളിൽ കുഴിയെടുത്ത് പരിശോധന നടത്തിയെങ്കിലും രണ്ടിടങ്ങളിൽ നിന്ന് മാത്രമാണ് അസ്ഥികൾ ലഭിച്ചത്. പിന്നാലെ ഓഗസ്റ്റ് 23-ന് സി എൻ ചിന്നയ്യയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തതിരുന്നു. വ്യാജ പരാതി നൽകൽ, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു അറസ്റ്റ്. ഇതിനെ തുടർന്ന് സിഎൻ ചിന്നയ്യയ്‌ക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയിരുന്നു. ഭാരതീയ ന്യായ സംഹിത പ്രകാരം കളളസാക്ഷ്യം പറയൽ, വ്യാജ രേഖ ചമയ്ക്കൽ, തെളിവുകൾ കെട്ടിച്ചമയ്ക്കൽ തുടങ്ങിയ പത്ത് കുറ്റങ്ങളാണ് ചുമത്തിയത്.
അതേസമയം ചിന്നയ്യ പറഞ്ഞയിടങ്ങളിൽ നിന്ന് കണ്ടെത്തിയ അസ്ഥികളെയും ധർമസ്ഥലയിൽ നിന്ന് കാണാതായ പെൺകുട്ടികളുടെ അസ്വാഭാവിക മരണ റിപ്പോർട്ടുകളെക്കുറിച്ചുമുളള അന്വേഷണം പുരോഗമിക്കുകയാണ്. ചിന്നയ്യ ബെൽത്തങ്ങാടി കോടതിയിൽ സമർപ്പിച്ച തലയോട്ടിയുമായി ബന്ധപ്പെട്ടാണ് പുതിയ വകുപ്പുകൾ ചേർത്തിരിക്കുന്നതെന്നായിരുന്നു പോലീസിൻ്റെ വിശദീകരണം.
ഇതിനിടെ കൊല്ലപ്പെട്ടത് തൻറെ മകൾ അല്ലെന്നും തനിക്ക് അങ്ങനെയൊരു മകളില്ലെന്നും പറഞ്ഞ സുജാത ഭട്ടിനെ നേരിട്ട് അറിയാമെന്നും അവരുടെ കണ്ണിലെ ദയനീയമായ അവസ്ഥയും കരച്ചിലും കണ്ടാണ് ഒപ്പം നിന്നതെന്നും മനാഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അവരുടെ കണ്ണിൽ നോക്കുമ്പോൾ ആ വാക്കുകളിൽ സത്യമുണ്ടെന്നായിരുന്നു തോന്നിയത്. എനിക്കും അമ്മയുള്ളതല്ലേ. അവർ കള്ളിയാണെന്ന് പ്രത്യക അന്വേഷണ സംഘം പോലും പറഞ്ഞിട്ടില്ല. അവരുടെ തലയിൽ വി കട്ട് ആയി ഒരു വലിയ പരുക്കുണ്ട്. തലയ്ക്കടിച്ച് ബോധം കെടുത്തിയെന്ന അവരുടെ വാക്ക് ശരിവയ്ക്കുന്നതാണത്. അനന്യയെ കുറിച്ചുള്ള വെളിപ്പെടുത്തലുകളൊന്നു എസ്ഐടി ഇപ്പോഴും തള്ളിക്കളഞ്ഞിട്ടില്ലായെന്നും മനാഫ് പറഞ്ഞിരുന്നു.