പാലക്കാട്: പാലക്കാട് കാണാതായ ആറുവയസുകാരൻ സുഹാന്റെ മൃതദേഹം കണ്ടെത്തി. വീടിനുസമീപമുള്ള കുളത്തിൽ നിന്നാണ് ഞായറാഴ്ച രാവിലെ മൃതഹേഹം കണ്ടെത്തിയത്. 21 മണിക്കൂറോളം പോലീസും നാട്ടുകാരും നട്ത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ചിറ്റൂർ അമ്പാട്ടുപാളയം എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസിന്റെയും തൗഹിതയുടെയും മകനായ സുഹാനെ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കാണാതായത്. ശനിയാഴ്ച രാത്രിവരെ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായിരുന്നില്ല. ഞായറാഴ്ച രാവിലെ തിരച്ചിൽ പുനഃരാരംഭിച്ചിരുന്നു. തുടർന്ന് 8.30 ഓടെയാണ് കുട്ടിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തിയത്.
സുഹന്‍റെ പിതാവ് മുഹമ്മദ് അനസ് ഗൾഫിലാണ്. അധ്യാപികയായ അമ്മ തൗഹിത ഈസമയം പാലക്കാട്ട് പോയിരിക്കുകയായിരുന്നു. വീട്ടിലെ സ്വീകരണമുറിയിലിരുന്ന് സുഹാനും എട്ടുവയസ്സുള്ള സഹോദരനും ടിവി കാണുകയായിരുന്നു. സുഹാന്റെ അമ്മയുടെ സഹോദരിയുടെ മക്കളും ഒപ്പമുണ്ടായിരുന്നു. ഈ സമയം മുത്തശ്ശി അടുക്കളയിൽ ജോലിചെയ്യുകയായിരുന്നു. കുറച്ചുകഴിഞ്ഞ് സുഹാനെ കാണാതായപ്പോൾ അന്വേഷിച്ചെങ്കിലും കണ്ടില്ല. വഴക്കുകൂടിയതിനെത്തുടർന്ന് പുറത്തിറങ്ങിപ്പോയതായി സഹോദരൻ പറഞ്ഞെന്ന് ബന്ധുക്കൾ പറയുന്നു. മുത്തശ്ശി സമീപത്തെ വീടുകളിലൊക്കെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന്, നാട്ടുകാരുമായിച്ചേർന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താനാവാഞ്ഞതോടെ പോലീസിൽ പരാതിനൽകി.



















































