കൊച്ചി:രാജ്യത്തെ ഏറ്റവും വലിയ സൈബർ തട്ടിപ്പു കേസിലെ 3 പ്രതികൾ കൂടി പൊലീസ് പിടിയിൽ. എറണാകുളം കടവന്ത്ര കുമാരനാശാൻ നഗറിൽ താമസിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയിൽ നിന്ന് വ്യാജ ഓൺലൈൻ ട്രേഡിങ്ങിലൂടെ 25 കോടി രൂപ തട്ടിയെടുത്ത കേസിലാണ് കോഴിക്കോട് സ്വദേശികളായ 3 പേർ കൂടി പിടിയിലായത്. നേരത്തെ കൊല്ലം സ്വദേശിയായ സുജിത ഈ കേസിൽ അറസ്റ്റിലായിരുന്നു. കൊടുവള്ളി പറമ്പത്തായിക്കുളങ്ങര വീട്ടിൽ പി.കെ.റഹീസ് (39), അരക്കൂർ വളപ്പിൽ വീട്ടിൽ വി.അൻസാർ (39), പന്തീരാങ്കാവ് നരിക്കുന്നിമേത്തേൽ സി.കെ.അനീസ് റഹ്മാൻ (25) എന്നിവരെയാണ് കൊച്ചി സിറ്റി പൊലീസും സൈബർ പൊലീസും ചേർന്ന് പിടികൂടിയത്.
ബാങ്ക് അക്കൗണ്ടുകൾ കമ്മീഷൻ വ്യവസ്ഥയിൽ തരപ്പെടുത്തി ഇവയിലൂടെയാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. ഇവർ ഇടനിലക്കാർ മാത്രമല്ലെന്നും കുറ്റകൃത്യത്തിൽ കൃത്യമായ പങ്കുവഹിച്ചിട്ടുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. ഇടപാടുകളുടെ ഭാഗമായി 3.5 ലക്ഷം രൂപ ഇവർ സ്വന്തമാക്കിയിട്ടുണ്ട്. ഇവരിൽ നിന്ന് 250 സിം കാർഡുകൾ, 40 ബാങ്ക് അക്കൗണ്ടുകൾ, 40 മൊബൈൽ ഫോണുകൾ, ഒട്ടേറെ ലാപ്ടോപ്പുകൾ, കമ്പ്യൂട്ടറുകൾ, ഡെബിറ്റ് കാർഡുകൾ തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്. കോഴിക്കോട് മുറി വാടകയ്ക്ക് എടുത്ത് ട്രേഡിങ് എന്ന വ്യാജേനെയായിരുന്നു ഇവരുടെ ഓപ്പറേഷൻ. നാട്ടുകാരെയടക്കം വിശ്വസിപ്പിച്ചിരുന്നത് തങ്ങൾ ട്രേഡിങ് നടത്തുന്നു എന്നും അതുവഴി നല്ല വരുമാനം ഉണ്ടാക്കുന്നു എന്നുമാണ്. അക്കൗണ്ടുകളുടെ ചുമതല റഹീസിനും സിം കാർഡുകളുടേത് അൻസാറിനുമായിരുന്നു. ഇരുവരുടേയും സുഹൃത്താണ് അനീസ് റഹ്മാൻ. താൻ ട്രേഡിങ് പഠിക്കുന്നു എന്നാണ് അനീസ് റഹ്മാൻ പുറത്തു പറഞ്ഞിരുന്നത്.
നേരത്തെ അറസ്റ്റിലായ സുജിതയ്ക്ക് ഒന്നിലേറെ അക്കൗണ്ടുകളുണ്ട്. ഇതിലൂടെ ലക്ഷക്കണക്കിന് രൂപ വന്നു പോയതും തന്റെ അക്കൗണ്ടിൽ വന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് അയച്ചു നൽകുന്നതിലും സുജിതയ്ക്കും പങ്കുണ്ട് എന്നായിരുന്നു പൊലീസിന് മനസിലായത്. മാത്രമല്ല, കമ്മീഷൻ ഇനത്തിൽ പണം ലഭിക്കുന്നുണ്ടെന്നും പൊലീസിന് മനസിലായി. ഇതോടെയാണ് സുജിതയെ അറസ്റ്റ് ചെയ്യുന്നത്.