കണ്ണൂർ : ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനക്കായി എത്തിച്ച പോക്സോ കേസ് പ്രതി ട്രോമ കെയർ യൂണിറ്റിന്റെ ക്യാബിൻ ചില്ലുകൾ അടിച്ചു തകർത്തു. പൊലീസിന്റെ മുന്നിൽവച്ചായിരുന്നു ആക്രമണം. തിരുനെൽവേലി സ്വദേശി പരമശിവമാണ് പരാക്രമം നടത്തിയത്. പൊലീസ് കസ്റ്റഡി നടപടിയുടെ ഭാഗമായി വൈദ്യ പരിശോധനക്ക് എത്തിച്ചതായിരുന്നു ഇയാളെ. കാഷ്വാലിറ്റി മെഡിക്കൽ ഓഫിസറുടെ കാബിനിന്റെ ചില്ലാണ് അടിച്ചു തകർത്തത്.
തലനാരിഴയ്ക്കാണ് മറ്റ് രോഗികളും ജീവനക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. മുൻപ് ഇയാൾ വളപട്ടണം പൊലീസ് ജീപ്പും അടിച്ചു തകർത്തിരുന്നു. ഇയാൾക്കെതിരെ ആശുപത്രി സംരക്ഷണ നിയമ പ്രകാരം കേസ്സ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് ഡോ. എം കെ ഷാജ് കണ്ണൂർ സിറ്റി പൊലീസിൽ പരാതി നൽകി.
സംഭവത്തിൽ സ്റ്റാഫ് കൗൺസിൽ പ്രതിഷേധിച്ചു. സ്റ്റാഫ് കൗൺസിൽ സെക്രട്ടറി സി പ്രമോദ് കുമാർ, ഡെപ്യുട്ടി സൂപ്രണ്ട് ഡോ. ഗ്രിഫിൻ സുരേന്ദ്രൻ, സ്റ്റാഫ് കൗൺസിൽ ജോയിൻ്റ് സെക്രട്ടറി അജയ് കുമാർ കരിവെള്ളൂർ, രാജേഷ് കുമാർ കാങ്കോൽ, കെ സി സെമിലി, ഷീജ പീതാംബരൻ എന്നിവർ സംസാരിച്ചു. 10 മാസം മുൻപ് രോഗിയെ സന്ദർശിക്കാൻ എത്തിയാൾ സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു.

















































