തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് ഒരു മാസത്തിലേറെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ തങ്ങിയ ബ്രിട്ടീഷ് റോയൽ നേവിയുടെ യുദ്ധവിമാനം എഫ് -35 ബി പറന്നത് ഓസ്‌ട്രേലിയയിലെ ഡാർവിനിലേക്ക്. ചൊവ്വാഴ്ച രാവിലെ 10.50നാണ് ജെറ്റ് പറന്നുയർന്നത്. 6400 കിലോമീറ്റർ തിരുവനന്തപുരത്ത് നിന്ന് ഡാർവിനിലേക്കുള്ള ദൂരം.
അറ്റകുറ്റപ്പണികൾക്കായി ഇന്ത്യൻ അധികൃതരകും വിമാനത്താവള അധികൃതരും നൽകിയ പിന്തുണക്കും സഹകരണത്തിനും നന്ദിയുള്ളവരായിരിക്കുമെന്ന് ബ്രിട്ടൻ അറിയിച്ചു. ജൂൺ 14നാണ് വിമാനം തിരുവനന്തപുരത്ത് ലാൻഡ് ചെയ്തത്.
ജൂലൈ 6 മുതൽ കെ എഞ്ചിനീയറിംഗ് സംഘം അറ്റകുറ്റപ്പണികളും സുരക്ഷാ പരിശോധനകളും തുടരുകയായിരുന്നു. ഒടുവിൽ വിമാനം പറക്കാൻ സജ്ജമായതോടെയാണ് പുറപ്പെട്ടതെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷൻ വക്താവ് പറഞ്ഞു.
ഇന്ത്യയുമായുള്ള പ്രതിരോധ പങ്കാളിത്തം ശക്തിപ്പെടുത്തുന്നത് തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു. 100 മില്യൺ ഡോളറിലധികം വിലവരുന്ന, ലോകത്തിലെ ഏറ്റവും നൂതനമായ യുദ്ധവിമാനങ്ങൾ എന്നറിയപ്പെടുന്ന അഞ്ചാം തലമുറ ജെറ്റാണ് എഫ്-35.

















































