ബാങ്കോക്ക്∙ കംബോഡിയയുമായി അതിർത്തി തർക്കമുള്ള പ്രദേശങ്ങളിൽ വ്യോമാക്രമണം നടത്തി തായ്‌ലൻഡ്. ആക്രമണത്തിൽ ഒരു തായ് സൈനികൻ കൊല്ലപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിൽ ഒപ്പിട്ട സമാധാന കരാറിൽനിന്നാണ് ഇരു രാജ്യങ്ങളും പിൻമാറിയത്. കരാർ ലംഘിച്ചതിന് ഇരു രാജ്യങ്ങളും പരസ്പരം ആരോപണങ്ങളുന്നയിച്ചു.
ജൂലൈയിലാണ് ഇരു രാജ്യങ്ങളും തമ്മിൽ ആദ്യം സംഘർഷമുണ്ടായത്. 43 പേർ കൊല്ലപ്പെട്ടു. 3 ലക്ഷംപേർക്ക് വീടുകൾ നഷ്ടമായി. കംബോഡിയൻ സൈന്യം ഇന്നുണ്ടായ ആക്രമണം സ്ഥിരീകരിച്ചു. പുലർച്ചെ തായ് സൈന്യം കംബോഡിയൻ സൈന്യത്തെ ആക്രമിച്ചതായി അവർ പ്രസ്താവനയിൽ വ്യക്തമാക്കി. സാഹചര്യങ്ങൾ വിലയിരുത്തുകയാണെന്നും, യുഎസ് പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ ഒപ്പിട്ട കരാറിന്റെ ലംഘനമാണിതെന്നും അവർ പറഞ്ഞു. ഏഷ്യയിൽ ത്രിരാഷ്ട്ര സന്ദർശനത്തിനെത്തിയ യുഎസ് പ്രസിഡന്റിനെ സാക്ഷിയാക്കിയാണ് ഒക്ടോബർ 26ന് തായ്‌ലൻഡും കംബോഡിയയും സമാധാന കരാർ ഒപ്പിട്ടത്. തായ് സൈനികര്‍ക്ക് അതിര്‍ത്തിയില്‍ കുഴിബോംബ് സ്‌ഫോടനത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്നാണ് തായ്‌ലന്‍ഡ് കരാറിൽനിന്ന് പിൻമാറിയത്.
ആഗോള റാങ്കിങ് അനുസരിച്ച് സൈനിക ശേഷിയിൽ ഇരുപത്തഞ്ചാം സ്ഥാനമാണ് തായ്‌ലൻഡിന്. കംബോഡിയയ്ക്ക് തൊണ്ണൂറ്റിയഞ്ചാം സ്ഥാനവും. തായ്‌ലൻഡും കംബോഡിയയുമായി 817 കിലോമീറ്റർ അതിർത്തിയുണ്ട്. അതിർത്തി മേഖലയിലെ പൗരാണിക ശിവക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം തായ്‍ലൻഡിനാണെന്നാണ് രാജ്യാന്തര കോടതി വിധി. ഈ ക്ഷേത്രത്തിനു ചുറ്റുമുള്ള ഭൂമിയെച്ചൊല്ലിയാണ് സംഘർഷം.

















































