പട്ന: ‘വോട്ടർ അധികാർ യാത്ര’യുടെ ഭാഗമായി ബിഹാറിലെ അരാരിയിൽ നടത്തിയ പത്രസമ്മേളനത്തിൽ വിവാഹക്കാര്യം പറഞ്ഞ് വൈറലായിരിക്കുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആർജെഡി നേതാവ് തേജസ്വി യാദവാണ് വിവാഹക്കാര്യം എടുത്തിട്ടത്.
ലോക് ജൻശക്തി പാർട്ടി നേതാവ് ചിരാഗ് പസ്വാനെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കവെയാണ് തേജസ്വി യാദവ് രസകരമായ മറുപടിയുമായെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സഹോദരനെപ്പോലെയാണെന്നും അദ്ദേഹം തന്റെ നെഞ്ചിലുള്ളിലാണെന്നും ചിരാഗ് പാസ്വാൻ പറഞ്ഞ കാര്യം മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴാണ് തേജസ്വി യാദവിന്റെ രസകരമായ മറുപടി വന്നത്. ചിരാഗ് പാസ്വാൻ തന്റെ സഹോദരനാണെന്നും അദ്ദേഹം വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്നും തേജസ്വി പറഞ്ഞു.
ഇതിനു പിന്നാലെ, അത് തനിക്കിട്ടുകൂടിയുള്ള ഒരു കൊട്ടല്ലേയെന്നു സംശയത്തോടെ ചിരിച്ചുകൊണ്ട് എന്നെക്കൂടി ബാധിക്കുന്നതാണെന്ന് നന്നായി അറിയാമെന്ന് രാഹുൽ മറുപടി നൽകുകയായിരുന്നു
‘അത് തന്റെ പിതാവ് ലാലു പ്രസാദ് യാദവ് പണ്ടേ നിങ്ങളോട് പറയുന്നതല്ലേയെന്ന് തേജസ്വി യാദവ് തമാശയിൽ തിരിച്ചടിച്ചു. അതെ, ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഉടൻ രാഹുലിന്റെ മറുപടിയുമെത്തി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇന്ത്യ മുന്നണിയുടെ ഐക്യം ഉറപ്പിച്ചു സംസാരിക്കുന്നതിനിടെയായിരുന്നു ഇരുവരുടേയും വിവാഹ സംഭാഷണം.