ചെന്നൈ: ഇതരജാതിയിൽപ്പെട്ട യുവതിയെ പ്രണയിച്ചതിന് തിരുനൽവേലിയിൽ ഐടി ജീവനക്കാരനായ ദളിത് യുവാവിനെ ആശുപത്രി വളപ്പിനു പുറത്തിട്ടു വെട്ടിക്കൊന്നു. തൂത്തുക്കുടി ജില്ലയിലെ ഐരാൽ സ്വദേശികളായ ചന്ദ്രശേഖർ-സെൽവി ദമ്പതിമാരുടെ മകൻ കെവിൻ കുമാർ(26) ആണ്കൊല്ലപ്പെട്ടത്. കൊലപാതകത്തിനുശേഷം പാളയങ്കോട്ട പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ യുവതിയുടെ സഹോദരൻ സുർജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ തിരുനൽവേലി കെടിസി നഗറിലാണ് സംഭവം.
കെവിൻ മുത്തച്ഛനെ സിദ്ധ ചികിസയ്ക്കായി കൊണ്ടുവന്ന് ആശുപത്രിക്കു വെളിയിൽ നിൽക്കുകയായിരുന്നു. ഈ സമയം ബൈക്കിലെത്തിയ സുർജിത്ത് വടിവാൾകൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. തുടർന്ന് അവിടെനിന്ന് രക്ഷപ്പെട്ട് പോലീസിൽ കീഴടങ്ങി. താൻ സഹോദരിയോടുള്ള അടുപ്പം അവസാനിപ്പിക്കാൻ പലതവണ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്തതുകൊണ്ടാണ് കെവിൻ കുമാറിനെ കൊലപ്പെടുത്തിയതെന്ന് സുർജിത് പോലീസിനോടു പറഞ്ഞു.
അതേസമയം സുർജിത്തിന്റെ അച്ഛൻ ശരവണനും അമ്മ കൃഷ്ണകുമാരിയും പോലീസ് സബ് ഇൻസ്പെകടർമാരാണ്. മകളുമായി കെവിൻ അടുപ്പമുണ്ടായിരുന്നത് അവർക്ക് അറിയാമായിരുന്നു. ദളിതനായതുകൊണ്ട് അവർ ബന്ധത്തെ ശക്തമായി എതിർത്തു. പക്ഷെ ബന്ധത്തിൽനിന്നു പിൻമാറാൻ കെവിൻ കുമാർ കൂട്ടാക്കിയില്ലെന്നു പറയുന്നു. ഇതേത്തുടർന്നാണ് കെവിൻ കുമാറിനെ കൊല്ലാൻ സുർജിത്ത് തീരുമാനിച്ചതെന്നു പോലീസ് പറഞ്ഞു.
ചെന്നൈയിൽ ടിസിഎസിൽ ജീവനക്കാരനായിരുന്നു കെവിൻ. മൃതദേഹം ഏറ്റുവാങ്ങാൻ കൂട്ടാക്കാതെ കെവിൻ കുമാറിന്റെ കുടുംബവും നാട്ടുകാരും പ്രതിഷേധിച്ചു. കേസിൽ പ്രതികളായ പെൺകുട്ടിയുടെ മാതാപിതാക്കൾ പോലീസുകാരായതിനാൽ കേസ് ഒതുക്കിത്തീർക്കാൻ ശ്രമിക്കുകയാണെന്ന്ആരോപിച്ചായിരുന്നു പ്രതിഷേധം.
തുടർന്നു കെവിൻ കുമാറിന്റെ അമ്മ നൽകിയ പരാതിയിൽ പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരേ പോലീസ് കേസെടുത്തു. അച്ഛനെയും അമ്മയെയും ഒന്നും രണ്ടും പ്രതികളും സുർജിത്തിനെ മൂന്നാം പ്രതിയുമാക്കിയാണ് എഫ്ഐആർ എടുത്തിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരുകയാണെന്ന് പോലീസ് അറിയിച്ചു.