കൊളംബോ: ടി20 ലോകകപ്പിൽ ഇന്ത്യ- പാക്കിസ്ഥാൻ മത്സരം നടത്താൻ ഐസിസി കുറച്ചൊന്നുമല്ല പാടുപെട്ടത്. ഇന്ത്യയിൽ നിന്ന് മത്സരങ്ങൾ മാറ്റണമെന്ന ബംഗ്ലാദേശിന്റെ അഭ്യർഥന അംഗീകരിക്കാത്തതും അതുവഴി ബംഗ്ലാദേശിന് ടൂർണമെന്റിൽ നിന്ന് പിന്മാറേണ്ടിവന്ന സാഹചര്യവും കണക്കിലെടുത്ത് ഐസിസിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ലോകകപ്പിൽ നിന്നുതന്നെ പിന്മാറുമെന്ന ഭീഷണിയാണ് പാക്കിസ്ഥാൻ ആദ്യം ഉയർത്തിയത്. എന്നാൽ അതൊന്നുമല്ല കാരണമെന്നാണ് സമൂഹമാധ്യമങ്ങളുടെ കണ്ടെത്തൽ. ഇന്ത്യയോട് കളിച്ചാൽ നാണം കെട്ട് പുറത്താകുമെന്നുള്ള പേടികൊണ്ട് മുൻകൂട്ടി തടയിട്ടതാണ് പാക്കിസ്ഥാനെന്നാണ് ട്രോളർമാരുടെ കണ്ടുപിടിത്തം.
ദൈവമേ ലോകത്ത് ഒരു ടീമിനും ഇത്രയും ദാരിദ്രം പിടിച്ച റൈവൽസിനെ കൊടുക്കരുതേ, അവന്മാരുടെ അടപ്പൂരി വിട്ടു… അപ്പോഴേ പറഞ്ഞില്ലേ പോകണ്ട പോകണ്ടാന്നു 😂😂0,6,5,4…എന്തുവാടേയിത് ഒടിടി നമ്പറോ…എന്നിങ്ങനെ പോകുന്നു സമൂഹമാധ്യമങ്ങളിൽ പാക്കിസ്ഥാനെതിരായ ട്രോളുകൾ. ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ് ഇങ്ങനെ-
ബംഗ്ലാദേശിന് പിന്തുണ കൊടുത്ത് ഇന്ത്യയുമായുള്ള കളി ബഹിഷ്കരിക്കാൻ തീരുമാനിച്ചതല്ലെന്ന് ഇപ്പോൾ എല്ലാവർക്കും മനസ്സിലായി. മുട്ടിയാൽ പൊട്ടുമെന്ന് ഉറപ്പായത് കൊണ്ട് നൈസായി മുങ്ങാൻ നോക്കിയതാണ്. പക്ഷെ പൈസ പോകുമെന്നറിഞ്ഞപ്പോൾ അവരുടെ പ്രധാനമന്ത്രി വരെ ഇടപെട്ട് അവസാനം കളിക്കേണ്ടി വന്നു. ഈ നാണം കെട്ട തോൽവിയെക്കാൾ നല്ലത് ബഹിഷ്കരണം ആയിരുന്നു. 😂
അതേസമയം ബംഗ്ലാദേശിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പാക്കിസ്ഥാൻ നടത്തിയ ബഹിഷ്‌കരണ ഭീഷണി മുഴക്കിയത്. ഐസിസി കടുത്ത നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് നൽകിയതോടെ ഐസിസിയോടുള്ള പ്രതിഷേധം എന്ന നിലയ്ക്ക് ഇന്ത്യയ്ക്കെതിരായ മത്സരം മാത്രം ബഹിഷ്‌കരിക്കാൻ ആദ്യം പാക്കിസ്ഥാൻ തീരുമാനിച്ചു. ഫെബ്രുവരി 15-ലെ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ ടീം കളത്തിലിറങ്ങില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത് പാക് സർക്കാരായിരുന്നു.
ഒടുവിൽ ലാഹോറിൽ നടന്ന പിസിബി, ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി), അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പ്രതിനിധികളുടെ ചർച്ചയ്ക്ക് ശേഷം മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനം പാക്കിസ്ഥാൻ പിൻവലിക്കുകയായിരുന്നു. ഇന്ത്യയ്‌ക്കെതിരേ കളിക്കാൻ പല നിബന്ധനകളും പാക്കിസ്ഥാൻ മുന്നോട്ടുവെച്ചെങ്കിലും അതൊന്നും ഐസിസി മുഖവിലയെക്കെടുത്തില്ല.
ഇതിനിടെ ആവശ്യത്തിന് തള്ളും കളിക്കുമുൻപ് പാക് താരങ്ങളുയർത്തി.
പക്ഷെ കളത്തിലിറങ്ങിയപ്പോഴോ, കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ പാക്കിസ്ഥാനെ അക്ഷരാർഥത്തിൽ നാണംകെടുത്തികയായിരുന്നു ഇന്ത്യ. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യയുടെ സമഗ്രാധിപത്യമായിരുന്നു. പിച്ചിന്റെ സ്വഭാവം കണക്കിലെടുത്ത് ആറ് സ്പിന്നർമാരുമായി ഇറങ്ങിയ പാക്കിസ്ഥാനെ ഇഷാൻ കിഷൻ തലങ്ങുംവിലങ്ങും ഓടിച്ചു. സ്പിന്നർമാരുമായി ഇന്ത്യയെ ചെറുതായി സമ്മർദത്തിലാക്കാൻ സാധിച്ചെങ്കിലും മികച്ച സ്‌കോർ പടുത്തുയർത്തുന്നതിൽ നിന്ന് ഇന്ത്യയെ തടയാൻ പാക് ബൗളിങ് യൂണിറ്റിന് സാധിച്ചില്ല.
എല്ലാം കഴിഞ്ഞ് ബാറ്റിങ്ങിനിറങ്ങിയപ്പോഴേ, പിടിച്ചതിലും അപ്പുറമാണ് മാളത്തിലുള്ളത് എന്നു പറയും പോലെ ഇന്ത്യൻ ബൗളർമാരുടെ പന്തുകൾക്കു മുന്നിൽ എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിൽകുകയായിരുന്നു പാക് ബാറ്റർമാർ. ബാബർ അസം പോലും അക്ഷർ പട്ടേലിന്റെ പന്തിന്റെ ഗതിയറിയാതെ ബൗൾഡായാണ് മടങ്ങിയത്. ഇതോടെ 61 റൺസിന്റെ തകർപ്പൻ ജയവുമായി ഇന്ത്യ ഗ്രൂപ്പ് എയിൽ നിന്ന് സൂപ്പർ എട്ടിലെത്തി.















































