മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ധോണിയുടെ ജീവിതം വെള്ളിത്തിരയില്‍ എത്തിച്ച സുശാന്ത് സിംഗ് രജ്പുത്തിന്റെ മുന്‍ മാനേജര്‍ ദിഷ സാലിയന്റെ (Disha Salian) ആത്മഹത്യ വീണ്ടും ചര്‍ച്ചയാകുന്നു. തന്റെ മകളുടെ മരണം വീണ്ടും അന്വേഷിക്കണമെന്നും ശിവസേന നേതാവ് ആദിത്യ താക്കറെയ്ക്കു (Aaditya Thackeray) ബന്ധമുണ്ടെന്നും ചൂണ്ടിക്കാട്ടി പിതാവ് പരാതി നല്‍കി. 2020 ജൂണ്‍ എട്ടിനാണ് താമസ സ്ഥലമായ അപ്പാര്‍ട്ട്‌മെന്റിലെ 14-ാം നിലയില്‍നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനു ആറു ദിവസത്തിനുശേഷം നടന്‍ സുശാന്ത് സിംഗ് രജ്പുത്തിനെ (Sushant Singh Rajput) അപ്പാര്‍ട്ട്‌മെന്റില്‍ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തി.
ഇരു സംഭവങ്ങളും ആത്മഹത്യയെന്ന നിലയില്‍ എഴുതിത്തള്ളുകയാണു പോലീസ് ചെയ്തത്. എന്നാല്‍, തന്റെ മകള്‍ മരണത്തിനു മുമ്പ് ക്രൂരമായി റേപ്പ് ചെയ്യപ്പെട്ടെന്നും കൊലപ്പെടുത്തുകയായിരുന്നെന്നും ചൂണ്ടിക്കാട്ടിയാണു കേസ് സിബിഐക്കു കൈമാറണമെന്ന് ബോംബെ ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. രാഷ്ട്രീയത്തിലെ വമ്പന്‍മാരെ രക്ഷിക്കാന്‍ പോലീസ് കേസ് ഒതുക്കിത്തീര്‍ത്തെന്നും അദ്ദേഹം പറഞ്ഞു. സുശാന്തിന്റെ മരണം ആത്മഹത്യയെന്നു പറഞ്ഞു പോലീസ് ഒതുക്കിയെങ്കിലും നിലവില്‍ സിബിഐ അന്വേഷിക്കുന്നുണ്ട്.
പോലീസ് തന്റെ മകളുടെ മരണം കേവലം അപകടമരണമായും ആത്മഹത്യയായും എഴുതിത്തള്ളുകയായിരുന്നെന്നും ഫോറസിക് തെളിവുകള്‍, സാഹചര്യത്തെളിവുകള്‍, ദൃക്‌സാക്ഷികളുടെ മൊഴികള്‍ എന്നിവ രേഖപ്പെടുത്തിയില്ലെന്നും ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
എന്നാല്‍, രാഷ്ട്രീയ നീക്കമാണിതെന്നും ശിവസേന നേതാവിനെതിരേയുള്ള ഗൂഢാലോചനയാണെന്നും ചൂണ്ടിക്കാട്ടി മുംബൈ മേയര്‍ കിഷോരി പെഡ്‌നേക്കര്‍ രംഗത്തെത്തി. നാലു വര്‍ഷത്തിനുശേഷം എന്തുകൊണ്ടാണ് കേസ് കുത്തിപ്പൊക്കുന്നത്? സിഐഡി ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയിട്ടുണ്ട്. എസ്‌ഐടിയും ഇക്കാര്യം അന്വേഷിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
എന്നാല്‍, ആദിത്യ താക്കറെ ഇക്കാര്യത്തില്‍ പ്രതികരിക്കണമെന്നു ബിജെപി നേതാവ് നിതീഷ് റാണെ ആവശ്യപ്പെട്ടു. ശിവസേന നേതാവ് ഉദ്ധവ് താക്കറെയുമായി തെറ്റിപ്പിരിഞ്ഞ മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി നാരായണ്‍ റാണെയുടെ മകനാണ് നിതീഷ്. താക്കറെ കുടുംബവുമായി ഇവര്‍ക്കുള്ള വൈരാഗ്യം കുപ്രസിദ്ധമാണ്. ദിഷയുടെ താമസ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും സന്ദര്‍ശകരുടെ രജിസ്റ്ററിലെ പേരുകളും അപ്രത്യക്ഷമായത് എങ്ങനെയെന്നു പരിശോധിക്കണമെന്നു റാണെ ആവശ്യപ്പെട്ടു. ഇക്കാര്യം ദിഷയുടെ മരണം നടന്ന അന്നുമുതല്‍ ആവശ്യപ്പെടുന്നതാണ്.
ദിഷയുടെ മരണവുമായി ബന്ധപ്പെട്ട് പിതാവിന്റെ പക്കലുള്ള രേഖകള്‍ ആഭ്യന്തര മന്ത്രാലയത്തിനു നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെടുന്ന അന്വേഷണം നടത്തുമെന്നും മഹാരാഷ്ട്ര ആഭന്തര മന്ത്രി യോഗേഷ് കാഡം പഞ്ഞു.