ദുബായ്: ഏഷ്യാ കപ്പിലെ ഇന്ത്യ– പാക്കിസ്ഥാൻ ക്ലാസിക് ഫൈനൽ ആരംഭിക്കുന്നതിനു മുൻപേ കളംപിടിച്ചത് പതിവുപോലെ വിവാദങ്ങൾ തന്നെയാണ്. ഏഷ്യാ കപ്പിന്റെ 41 വർഷം പിന്നിടുന്ന ചരിത്രത്തിൽ ഇതാദ്യമായാണ് ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും ഫൈനലിൽ നേർക്കുനേർ വരുന്നത്.
ഈ ടൂർണമെന്റിൽ മൂന്നാം തവണയാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. ആദ്യ രണ്ടു മത്സരങ്ങളിലും വിജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. അതോടൊപ്പം ഒരുപിടി വിവാദങ്ങളും കളത്തിന് അകത്തും പുറത്തും അരങ്ങേറിയിരുന്നു. ഇതിനു തുടർച്ചയെന്നവണ്ണം പുതിയ വിവാദവും ഉയർന്നിരിക്കയാണ്. ട്രോഫിയുമായുള്ള ക്യാപ്റ്റന്മാരുടെ പ്രീ-ഫൈനൽ ഫോട്ടോഷൂട്ട് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നിരസിച്ചതാണ് ആദ്യ വിവാദം. പാക്കിസ്ഥാൻ ടീമുമായി യാതൊരു സഹകരണവും വേണ്ടെന്ന ബിസിസിഐ നിലപാടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഇതിനു പ്രതികരണവുമായി പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ആഗ രംഗത്തെത്തുകയും ചെയ്തു. ‘‘അദ്ദേഹം വരണോ വേണ്ടയോ എന്നത് പൂർണ്ണമായും അദ്ദേഹത്തിന്റെ ഇഷ്ടമാണ്. അതിൽ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല.’’– എന്നായിരുന്നു സൽമാൻ ആഗയുടെ പ്രതികരണം. കൂടാതെ ഫൈനലിൽ പാക്കിസ്ഥാൻ വിജയിക്കുമെന്ന ആത്മവിശ്വാസവും സൽമാൻ ആഗ പ്രകടിപ്പിച്ചു. ‘‘ഞങ്ങൾ വിജയിക്കും. ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കുക എന്നതാണ് ഞങ്ങളുടെ ശ്രമം. ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കുകയും 40 ഓവറുകളിൽ പദ്ധതികൾ നടപ്പിലാക്കുകയും ചെയ്താൽ ഏത് ടീമിനെയും തോൽപ്പിക്കാൻ കഴിയുമെന്ന് ഞങ്ങൾക്കറിയാം.’’ സൽമാൻ ആഗ പറഞ്ഞു. ഇന്ത്യയ്‌ക്കെതിരെ മത്സരത്തിൽ സമ്മർദമില്ലെന്ന് ആരെങ്കിലും പറഞ്ഞാൽ അതു നുണയാണെന്നും പാക്ക് ക്യാപ്റ്റൻ പറഞ്ഞു.
‘‘ഫൈനലിൽ പാക്കിസ്ഥാനും ഇന്ത്യയും ഒരുപോലെ സമ്മർദ്ദത്തിലാണ്. സമ്മർദമില്ലെന്ന് ആരെങ്കിലും പറഞ്ഞാൽ അത് തെറ്റാണ്. അവർ സംഭവിച്ചതിനേക്കാൾ കൂടുതൽ വീഴ്ചകൾ ഞങ്ങൾ പറ്റിയിട്ടുണ്ട്. അതുകൊണ്ടാണ് ഞങ്ങൾ മത്സരങ്ങൾ ജയിക്കാത്തത്. പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള മത്സരത്തിൽ, കുറച്ച് തെറ്റുകൾ ഉള്ള ടീം കളി ജയിക്കുമെന്ന് ഞാൻ കരുതുന്നു.’’– സൽമാൻ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.