മുംബൈ: ഏറെനാളുകളായി ക്രിക്കറ്റ് സർക്കിളിലും ആരാധകർക്കിടയിലും ഒരുപോലെ ചർച്ചയായ കാര്യമാണ് ശുഭ്മാൻ ഗില്ലിന്റെ ഫോമില്ലായ്മയും ഗില്ലിനായി മലയാളി താരം സഞ്ജുവിനെ തഴയുന്നതും. കഴിഞ്ഞ ഏഷ്യക്കപ്പോടെ അത് മറ നീക്കി പുറത്തുവരികയും ചെയ്തു. ഏഷ്യാക്കപ്പിൽ ഗിൽ ഓപ്പണറായി ഇറങ്ങിയതോടെ കൃത്യമായൊരു ബാറ്റിങ് പൊസിഷൻ തന്നെ സഞ്ജുവിന് കൽപിച്ചു നൽകിയിട്ടില്ലായിരുന്നു. ഒപ്പം ഇങ്ങനെ ഫോം ഔട്ടായ ഒരാൾക്ക് എന്തിന് ഇത്രയും അവസരങ്ങൾ നൽകിയെന്നുള്ളത്. ഇന്നലെ നടന്ന ഇന്ത്യാ ദക്ഷിണാഫ്രിക്ക മത്സരത്തിനിടെ ഇക്കാര്യം രവി ശാസ്ത്രി ചോദിക്കുകയും ചെയ്തു. ആ ചെറുക്കനുവേണ്ടി ഇത്ര ടോപ്പിൽ കളിക്കുന്ന സഞ്ജുവിനെ എന്തിന് തഴയുന്നുവെന്നായിരുന്നു ശാസ്ത്രിയുടെ ചോദ്യം.
അതേസമയം ടി ട്വന്റി ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കിയതും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷത്തോളമായി ഗില്ലിന് ടീമിൽ ലഭിച്ചിരുന്ന പ്രധാന്യവും വൈസ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം ലഭിച്ചതും പരിഗണിക്കുമ്പോൾ സമീപകാലത്ത് താരത്തിന് ലഭിച്ച ഏറ്റവും വലിയ തിരിച്ചിടിയാണ് ലോകകപ്പിൽ നിന്നുള്ള പുറത്താകൽ. തുടർച്ചയായ മോശം പ്രകടനം തന്നെയാണ് ഗില്ലിനെ ഒഴിവാക്കിയതിന് പിന്നിൽ. ടോപ്പ് ഓർഡറിൽ ഒരു വിക്കറ്റ് കീപ്പറെ വേണമെന്ന് ഞങ്ങൾ ആഗ്രഹിച്ചുവെന്നാണ് ഇരുവരും പറയുന്നത്. എന്നാൽ ക്യാപ്റ്റനും അഗാക്കറും പറയാതെ പറയുന്നത് ഗില്ലിന്റെ ഫോമില്ലായ്മ തന്നെയാണ്.
കൂടാതെ ഇന്നലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന മത്സരത്തിൽ ഓപ്പണറായി എത്തിയ സഞ്ജു സാംസൺ തിളങ്ങിയതും വിക്കറ്റിനു പിന്നിലുള്ള സഞ്ജുവിന്റെ ഫോമുമെല്ലാം ഗില്ലിന്റെ പുറത്തേക്കുള്ള വഴി എളുപ്പമാക്കിയെന്നാണ് സെലക്ടർമാർ നൽകുന്ന സൂചന. അതുപോലെ ലോകകപ്പിൽ സഞ്ജു തന്നെ അഭിഷേക് ശർമയ്‌ക്കൊപ്പം ഓപ്പൺ ചെയ്യുമെന്ന സൂചനയും ചീഫ് സെലക്ടർ അജിത് അഗാർക്കർ നൽകുകയുണ്ടായി. ‘ശുഭ്മാൻ ഗില്ലിന് റൺസ് കുറവാണ്, കഴിഞ്ഞ ലോകകപ്പും അദ്ദേഹത്തിന് നഷ്ടമായി’ അഗാർക്കർ പത്രസമ്മേളനത്തിൽ പറഞ്ഞു.
‘ഗിൽ ഒരു മികച്ച കളിക്കാരനാണെന്ന് ഞങ്ങൾക്ക് അറിയാം, പക്ഷേ നിലവിൽ റൺസ് നേടുന്നതിൽ അല്പം പിന്നിലാണ്’ അഗാർക്കർ പറഞ്ഞു. ‘കഴിഞ്ഞ ലോകകപ്പിലും സമാനമായ സാഹചര്യമുണ്ടായിരുന്നു. കാരണം ഞങ്ങൾ വ്യത്യസ്ത കോമ്പിനേഷനുകളാണ് പരിഗണിച്ചത്. 15 കളിക്കാരെ തിരഞ്ഞെടുക്കുമ്പോൾ ആരെങ്കിലും പുറത്തുപോകേണ്ടി വരും, നിർഭാഗ്യവശാൽ നിലവിൽ അത് ഗില്ലാണ്’ അഗാർക്കർ കൂട്ടിച്ചേർത്തു.
അതുപോലെ ടോപ് ഓർഡറിൽ ഒരു അധിക വിക്കറ്റ് കീപ്പറെ വേണമെന്ന് തങ്ങൾ ആഗ്രഹിച്ചതുകൊണ്ടാണ് ഒരു ബാറ്റ്‌സ്മാനെ ഒഴിവാക്കിയതെന്നും അഗാർക്കർ ഊന്നിപ്പറഞ്ഞു. അതേസമയം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയതാണ് ഇഷാൻ കിഷന് മുൻഗണന ലഭിച്ചതിന് പിന്നിൽ. ജിതേഷ് ശർമ്മയ്ക്ക് ടീമിൽനിന്ന് പുറത്തായത് അദ്ദേഹത്തിന്റെ വീഴ്ചകൊണ്ടല്ലെന്നും അഗാർക്കർ വ്യക്തമാക്കുകയുണ്ടായി. അവസാന ഓവറുകളിൽ ജിതേഷ് ശർമയേക്കാൾ ഫാസ്റ്റ് ഹിറ്റർ ആയി ഇഷാൻ കിഷനെ ഉപയോഗിക്കാനാകുമെന്നതാണ് അദ്ദേഹത്തെ പരിഗണിച്ചതിന് പിന്നിൽ. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഗില്ലിനെ ഒഴിവാക്കിയതിന് പിന്നിലെ കാരണം കോമ്പിനേഷന്റെ ആവശ്യകതയാണെന്ന് സൂചിപ്പിച്ചു. ‘ടോപ് ഓർഡറിൽ ഒരു വിക്കറ്റ് കീപ്പറെ വേണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. അതുകൊണ്ടാണ് ടോപ് ഓർഡറിൽ ഒരു അധിക വിക്കറ്റ് കീപ്പറെ ഉൾപ്പെടുത്തിയത്’ സൂര്യകുമാർ യാദവ് പറഞ്ഞു.
ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം– സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അക്ഷർ പട്ടേൽ (വൈസ് ക്യാപ്റ്റൻ) അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), റിങ്കു സിങ്, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, ഹർഷിത് റാണ, വാഷിങ്ടൻ സുന്ദർ.
അതേസമയം 2026 ഫെബ്രുവരി ഏഴു മുതൽ മാർച്ച് എട്ടുവരെ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് അടുത്ത വർഷത്തെ ലോകകപ്പ് നടക്കേണ്ടത്. ഏഴിന് യുഎസിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഫെബ്രുവരി 15ന് കൊളംബോയിൽ ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം നടക്കും. ജനുവരി 21 ന് നാഗ്പൂരിലാണ് ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം. പരമ്പരയിലെ അഞ്ചാം പോരാട്ടം ജനുവരി 31ന് തിരുവനന്തപുരത്തു നടക്കും.
















































