വൈകുന്നരങ്ങളിൽ കവലകളിലെ കലുങ്കുകളിലിരുന്ന് കവല വർത്തമാനം പറയുന്നതിന് സമമായിരിക്കുകയാണ് തൃശൂർ എംപി സുരേഷ് ഗോപിയുടെ കലുങ്ക് സംവാദം. സംവാദം കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് വ്യക്തമാകുന്നില്ലെങ്കിലും വിവാദങ്ങൾ കൊണ്ടും അനുചിതമായ പദസമ്പത്ത് കൊണ്ടും ഏറെ സമ്പുഷ്ടമാണ് കേന്ദ്രമന്ത്രിയുടെ കലുങ്ക് സംവാദം. സിനിമകളിൽ താൻ പറഞ്ഞുതീർത്ത നെടുനീളൻ ഡയലോഗുകൾ പ്രത്യേക താളത്തിലും ഈണത്തിലും ചാഞ്ഞും ചെരിഞ്ഞും പറഞ്ഞ് ആളെ കൂട്ടാനുള്ള ഒരു ശ്രമം. മാധ്യമങ്ങളെ കാണുമ്പോൾ കലിപ്പൻ ഇമേജിടാനുള്ള ബോധപൂർവമായ ശ്രമവും എംപിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഏതൊക്കെയായാലും പാലക്കാട് നടന്ന കലുങ്ക് സംവാദത്തിനിടെ പുതിയ വള്ളിക്കേസ് പിടിച്ചിട്ടുണ്ട് നായകൻ. ഇത്തവണ നപുംസകം പരാമർശവുമായാണ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വിവാദത്തിന് തിരികൊളുത്തിയത്. കൂടാതെ, തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കിറ്റുമായി വരുന്നവരുടെ മുഖത്തേക്ക് അത് എറിയണമെന്നും സുരേഷ് ഗോപിയുടെ വക പരാമർശങ്ങളുണ്ടായി. അങ്ങനെ നോക്കുമ്പോൾ സ്വന്തം പല്ലിട കുത്തി നാറ്റിക്കാനുള്ള ശ്രമം തന്നെയല്ലേ എംപി നടത്തിയതെന്നൊരു സംശയം. അല്ല, സംശയം മാത്രമാണ് കേട്ടൊ…
പാലക്കാട് ചെത്തലൂരിൽ നടന്ന കലുങ്ക് സംവാദത്തിലാണ് പുതിയ പരാമർശങ്ങൾ വേദിയിൽ ഇടം പിടിച്ചത്.`നേരത്തെ ശമ്പളം മുഴുവൻ ജനങ്ങളുടെ കഞ്ഞി പാത്രത്തിലുണ്ടെന്ന് പറഞ്ഞത് വിവാദമായിരുന്നു. അതിനു കൂടുതൽ വ്യക്തത നൽകിക്കൊണ്ട് പാലക്കാട് കേരളത്തിന്റെ അന്ന പാത്രമാണ്. ഇനി കഞ്ഞി പാത്രം എന്ന് പറഞ്ഞത് ഇഷ്ടപ്പെടാത്ത ചില നപുംസകങ്ങൾക്ക് അന്ന പാത്രം എന്ന് പറഞ്ഞത് ഇഷ്ടപ്പെടാതെ വരുമോയെന്ന് അറിയില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കിറ്റുമായി വരുന്നവരുടെ മുഖത്തേക്ക് അത് എറിയണം’ എന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ ഡയലോഗ്.
ഇതിനൊപ്പം കൂട്ടിച്ചേർത്ത് വായിക്കേണ്ട മറ്റൊരു കാര്യം കൂടി എംപി പറഞ്ഞു. വ്യക്തിപരമായ ഒരു ആവശ്യങ്ങൾക്കും കലുങ്ക് സംവാദം പരിഗണിക്കില്ലെന്നും നിവേദനങ്ങൾ നേരിട്ട് നൽകരുതെന്നുമായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ. മുൻപ് കലുങ്ക് സംവാദത്തിനിടെ നിവേദനവുമായി വന്നവരെപോലെയുള്ളവരുടെ കടന്നുവരവ് ഒഴിവാക്കാനുള്ള ശ്രമം. കൂടാതെ പറളിയിലെ പരിപാടിക്ക് എത്തുന്നതിനു മുമ്പ് സംഘാടകർക്കും ഇതു സംബന്ധിച്ച് നിർദേശം നൽകിയിരുന്നു. വ്യക്തിപരമായ ഒരു ആവശ്യങ്ങൾക്കും കലുങ്ക് സംവാദം പരിഗണിക്കില്ല. അതുവച്ച് കൊയ്ത്ത് നടത്താമെന്ന് മാക്രികൾ വിചാരിക്കേണ്ട. നിവേദനം തന്നയാളെ ഞാൻ അവഹേളിച്ചു എന്ന് പറയുന്നത് അവരുടെ മാത്രം വ്യാഖ്യാനമാണ്. അവഹേളനങ്ങൾക്ക് ഞാൻ പുല്ലുവിലയാണ് നൽകുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
ഏതാനും ആഴ്ചകൾക്കു മുൻപ് തൃശൂർ ജില്ലയിലെ പുള്ള്, ചെമ്മാപ്പിള്ളി മേഖലകളിൽ നടന്ന കലുങ്ക് സംവാദത്തിൽ വയോധികന്റെ നിവേദനം സുരേഷ് ഗോപി നിരസിച്ചത് വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. പുള്ള് സ്വദേശി തായാട്ട് കൊച്ചുവേലായുധനെന്ന വയോധികനാണ് തെങ്ങുവീണ് തകർന്ന വീടിന്റെ അറ്റകുറ്റപ്പണിക്കുള്ള സഹായം തേടി സുരേഷ് ഗോപിക്ക് അപേക്ഷ നൽകാനെത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ സംവാദം നടക്കുമ്പോഴാണ് കൊച്ചുവേലായുധനെന്ന വയോധികൻ കവറിൽ അപേക്ഷയുമായി വന്നത്. കവർ സുരേഷ് ഗോപിക്ക് നീട്ടിയപ്പോൾ, ‘-‘-ഇതൊന്നും എം.പിക്കല്ല, പോയി പഞ്ചായത്തിൽ പറയാനാണ്’—‘ സുരേഷ് ഗോപി പറയുന്നത്. സംവാദം നടക്കുന്ന ആൽത്തറയിൽ സുരേഷ് ഗോപിയുടെ അടുത്ത് ഇരിക്കുന്ന ആളിന്റെ കൈയിലും ഒരു കവർ ഉണ്ടായിരുന്നു. ഇത് കേട്ടതോടെ ആൾ കവർ പിന്നിൽ ഒളിപ്പിച്ചു.
ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് ആരും കവറും പൊക്കിപ്പിടിച്ചുകൊണ്ട് ചെല്ലണ്ടയെന്ന് ഇൻഡയറക്ടായി എംപി പറഞ്ഞത്. അപ്പോൾ ഒരു സംശയം, സത്യത്തിൽ താങ്കളെയൊക്കെ എംപി, കേന്ദ്ര സഹമന്ത്രി എന്നൊക്കെ പറഞ്ഞ് ജയിപ്പിച്ചു കേറ്റി വിടുന്നത് എന്ത് ഒണ്ടാക്കാനാ… സാധാരണക്കാരോട് മാടമ്പി ശബ്ദത്തിൽ നെടുനീളൻ വാക്കുകൾ കാച്ചുമ്പോൾ തിരിച്ചടിക്കാൻ അവർക്കുമൊരു അവസരം അഞ്ചു വർഷത്തിനിടയ്ക്ക് ജനാധിപത്യ വ്യവസ്ഥ അനുവദിച്ച് കൊടുക്കുന്നുണ്ടെന്ന കാര്യം താങ്കൾ മറക്കരുത്. അവരുടെ ചൂണ്ടുവിരലിൽ പതിയുന്ന ആ നീല മഷിക്ക് നിങ്ങളെ ഉയർത്താനും അതുപോലെ തന്നെ പൊക്കി നിലത്തേക്കിടാനും കഴിയും… അല്ലാ, കൈവിട്ട കല്ലും വാവിട്ട വാക്കും ഒരിക്കലും തിരിച്ചെടുക്കാൻ പറ്റില്ലെന്നാ പണ്ടുകാലത്തെ കാർന്നോമ്മാര് പറയുന്നതേ…