കൊച്ചി: വഖഫ് വിഷയത്തിൽ കോൺഗ്രസിനെതിരെയും സിപിഎമ്മിനെതിരെയും പ്രതികരിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപി. വഖഫ് ബിൽ ജെപിസിയിൽ ഇട്ട് കത്തിച്ചുകളയുമെന്നു ചിലർ പറഞ്ഞുവെന്നും മാറിയ നിയമങ്ങളുടെ പശ്ചാത്തലത്തിൽ എന്തു നടപടി വരുമെന്നു കാത്തിരുന്ന് കാണാമെന്നും സുരേഷ് ഗോപി കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. നിയമത്തിൽ കൊണ്ടുവന്ന പുതിയ ഭേദഗതികൾ കൊണ്ട് മുനമ്പത്തെ ജനങ്ങൾക്ക് ഗുണമുണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം വഖഫ് വിഷയത്തിൽ കോൺഗ്രസിനെതിരെയും സുരേഷ് ഗോപി രംഗത്തെത്തി. ‘‘അവർ ജാതീയമായി ജനങ്ങളെ തിരിക്കാൻ നോക്കുകയാണ്. ക്രിസ്തീയ സമൂഹം മുഴുവൻ അണിനിരന്നുവെന്ന അങ്കലാപ്പിലാണ് അവർ. ആങ്ങളയും പെങ്ങളും എന്തുകൊണ്ടാണ് മുനമ്പത്ത് വരാതിരുന്നത്. കേരളത്തിലെ ചോരക്കണക്ക് ഇന്നലെ ഞാൻ രാജ്യസഭയിൽ പറഞ്ഞുവെന്നും സുരേഷ് ഗോപി പറഞ്ഞു.
ഇതിനിടെ ജബൽപുരിൽ മലയാളി വൈദികർക്കു നേരെയുണ്ടായ ആക്രമണത്തെ കുറിച്ചുള്ള ചോദ്യങ്ങളിൽ ആദ്യം സാധാരണ പോലെ സംസാരിച്ചുവെങ്കിലും പിന്നീട് സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി. ‘‘എന്റെ നാവ് പോസ്റ്റ്മോർട്ടം ചെയ്തോളൂ. മനസ് പോസ്റ്റ്മോർട്ടം ചെയ്യരുത്. ജബൽപുരിൽ ഉണ്ടായ ആക്രമണം, അത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന സംഭവമാണ്. കേരളത്തിൽ പാലാ ബിഷപ്പിനെ കൊലപ്പെടുത്താൻ ചിലർ ശ്രമിച്ചില്ലെ, കേസെടുത്ത് അകത്ത് ഇടാൻ നോക്കിയില്ലേ. ജബൽപുരിലെ സംഭവത്തിൽ നിയമപരമായി നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞപ്പോൾ അതേ തങ്ങളും ചോദിച്ചുള്ളുവെന്നായിരുന്നു മാധ്യമങ്ങളുടെ മറുപടി.
നിങ്ങൾ ആരാ, ആരോടാ ചോദിക്കുന്നേ? വളരെ സൂക്ഷിച്ച് സംസാരിക്കണം. മാധ്യമം ആരാ ഇവിടെ? ഇവിടെ ജനങ്ങളാണ് വലുത്. ബി കെയർഫുൾ. സൗകര്യമില്ല പറയാൻ’’ എന്നു പറഞ്ഞ മന്ത്രി ഏതാ ചാനൽ എന്നായി ചോദ്യം. കൈരളി എന്നുപറഞ്ഞപ്പോൾ, അതങ്ങ് ബ്രിട്ടാസിന്റെ വീട്ടിൽ കൊണ്ടെവെച്ചാൽ മതിയെന്നായി സുരേഷ് ഗോപിയുടെ മറുപടി.