ന്യൂഡൽഹി: തെരുവുനായ കേസിലെ വാദത്തിനിടെ നടി ശർമിള ടാഗോറിനു സുപ്രീംകോടതിയിൽ നിന്ന് നേരിടേണ്ടി വന്നത് രൂക്ഷവിമർശനം. നടിയുടെ വാദങ്ങൾ യാഥാർഥ്യവുമായി പുലബന്ധം പോലുമില്ലാത്തതാണെന്നായിരുന്നു സുപ്രീംകോടതി വെള്ളിയാഴ്ച വിമർശിച്ചത്. ആശുപത്രി പോലെയുള്ള ഇടങ്ങളിലെ തെരുവുനായ്ക്കളുടെ സാന്നിധ്യത്തെ മഹത്വവത്കരിക്കാനുള്ള ശ്രമങ്ങളെയും കോടതി ശകാരിച്ചു.
തെരുവുനായ കേസിലെ വാദത്തിനിടെ എല്ലാ തെരുവുനായകളും അപകടകാരികളല്ലെന്ന വാദം സാധൂകരിക്കാനായി നടിയുടെ അഭിഭാഷകൻ എയിംസ് കാമ്പസിലെ ‘ഗോൾഡി’ എന്ന തെരുവുനായയെക്കുറിച്ച് വിശദീകരിച്ചിരുന്നു. എന്നാൽ, ഈ വാദത്തിനെതിരേ രൂക്ഷമായാണ് കോടതി പ്രതികരിച്ചത്.
നായയെ മഹത്വവത്കരിക്കാൻ അതിനെ ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്ററിലേക്കും കൊണ്ടുപോയോ എന്നായിരുന്നു കോടതിയുടെ ചോദ്യം. തെരുവിലുള്ള ഏതൊരു നായയ്ക്കും രോഗം പടർത്തുന്ന ചെള്ളുകളുണ്ടാകും. ആശുപത്രിയിൽ ഇത്തരത്തിൽ ചെള്ളുള്ള നായ വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. അത് നിങ്ങൾക്ക് മനസിലായോ, ബോധമില്ലേ നിങ്ങൾക്ക്- കോടതി ചോദിച്ചു. നിങ്ങളുടെ വാദങ്ങളെല്ലാം യാഥാർഥ്യത്തിൽനിന്ന് പൂർണമായും അകന്നതാണ്. ആശുപത്രികളിലുള്ള ഇത്തരം നായകളെ ഒരിക്കലും മഹത്വവത്കരിക്കാൻ ശ്രമിക്കരുതെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
അതേസമയം മനുഷ്യരെ കടിച്ച നായ്ക്കൾക്ക് കളർ കോഡുള്ള കോളറുകൾ ഘടിപ്പിക്കണമെന്ന നിർദേശത്തേയും സുപ്രീംകോടതി വിമർശിച്ചു. ജോർജിയ, അർമേനിയ തുടങ്ങിയ രാജ്യങ്ങളിൽ ഇത്തരത്തിലുള്ള കോളറുകൾ ഘടിപ്പിച്ചതായി ചൂണ്ടിക്കാട്ടിയാണ് മൃഗസ്‌നേഹികൾ ഈ വാദമുന്നയിച്ചത്. എന്നാൽ, ആ രാജ്യങ്ങളിലെ ജനസംഖ്യ എത്രയാണെന്ന് അറിയാമോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം. ദയവുചെയ്ത് യാഥാർഥ്യബോധമുള്ള വാദങ്ങൾ പറയണമെന്നും കോടതി പറഞ്ഞു.
ഇതിനിടെ തെരുവുകളിൽനിന്ന് എല്ലാ നായ്ക്കളെയും നീക്കംചെയ്യാൻ ഉത്തരവിട്ടിട്ടില്ലെന്ന് സുപ്രീംകോടതി വെള്ളിയാഴ്ചയും ആവർത്തിച്ചു. എബിസി (അനിമൽ ബർത്ത് കൺട്രോൾ) ചട്ടപ്രകാരം തെരുവുനായകളെ കൈകാര്യം ചെയ്യണമെന്നാണ് നിർദേശിച്ചതെന്നും സുപ്രീംകോടതി വ്യക്തമാക്കി.
















































