ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട വിവാദപരാമര്‍ശത്തില്‍ അറസ്റ്റിലായ അശോക സര്‍വകലാശാല അസോ. പ്രൊഫസര്‍ അലി ഖാന്‍ മഹ്‌മൂദാബാദിന് ഇടക്കാലജാമ്യം അനുവദിച്ച് സുപ്രീംകോടതി. കര്‍ശന ഉപാധികളോടെയാണ് സുപ്രീംകോടതി അലി ഖാന് ജാമ്യം നല്‍കിയത്.കേസുമായി ബന്ധപ്പെട്ട് ഓണ്‍ലൈനിലോ അല്ലാതെയോ ഒന്നും എഴുതുകയോ സംസാരിക്കുകയോ ചെയ്യരുത്, പഹല്‍ഗാം ആക്രമണത്തെക്കുറിച്ചോ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചോ അഭിപ്രായം പറയരുത്, പാസ്‌പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമുന്നില്‍ ഹാജരാക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. അതേസമയം, ജാമ്യം അനുവദിച്ചെങ്കിലും അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.
ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍.കെ. സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യഹര്‍ജി പരിഗണിച്ചത്. ഹര്‍ജി പരിഗണിക്കുന്നതിനിടെ വിവാദ പരാമര്‍ശം നടത്തിയ അലിഖാനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ‘രാക്ഷസര്‍’ രാജ്യത്തെ ആക്രമിച്ച സമയത്ത് ഇത്തരം ‘ചീപ്പ് പബ്ലിസിറ്റി’യുടെ ആവശ്യമെന്താണെന്നും സുപ്രീംകോടതി ചോദിച്ചു.
”എല്ലാവര്‍ക്കും സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന് അവകാശമുണ്ട്. പക്ഷേ, ഇപ്പോഴാണോ ഇതെല്ലാം സംസാരിക്കേണ്ട സമയം? രാക്ഷസര്‍ വന്ന് നമ്മുടെ ജനങ്ങളെ ആക്രമിച്ചു. നമ്മള്‍ ഒന്നിക്കണം. ഈ സമയത്ത് എന്തിനാണ് വിലകുറഞ്ഞ പ്രശസ്തി ആഗ്രഹിക്കുന്നത്”, ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു.
മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലാണ് അലി ഖാന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്. മതസ്പര്‍ദ്ധയുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെയല്ല അലി ഖാന്‍ സാമൂഹികമാധ്യമത്തില്‍ കുറിപ്പ് പോസ്റ്റ് ചെയ്തതെന്ന് അദ്ദേഹം വാദിച്ചു. അലി ഖാന്റെ ഭാര്യ ഒമ്പതുമാസം ഗര്‍ഭിണിയാണ്. അദ്ദേഹം ജയിലിലും. ഇപ്പോള്‍ വനിതാ കമ്മീഷനും അലി ഖാനെതിരേ രണ്ടാമത്തെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണെന്നും കപില്‍ സിബല്‍ കോടതിയില്‍ പറഞ്ഞു. തുടര്‍ന്നാണ് അലി ഖാനെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീംകോടതി, കര്‍ശനമായ ഉപാധികളോടെ ജാമ്യം അനുവദിച്ചത്.