കോഴിക്കോട്: ഈ മാസം ആദ്യവാരത്തോടെ സൂര്യനിൽ അസാധാരണ വലുപ്പമുള്ള സൂര്യകളങ്കം (സൺസ്പോട്ട്) കണ്ടെത്തി. എആർ 4079 എന്നറിയപ്പെടുന്ന സൂര്യകളങ്കമാണ് കണ്ടെത്തിയിരിക്കുന്നത്. പുതിയതായി കണ്ടെത്തിയിരിക്കുന്ന സൂര്യകളങ്കത്തിന് ഭൂമിയുടെ ഏഴ് ഇരട്ടിയോളം വലുപ്പം കാണുമെന്നാണ് പറയപ്പെടുന്നത്.
നഗ്ന നേത്രങ്ങൾ കൊണ്ട് എആർ 4079 സൂര്യകളങ്കം കാണാൻ കഴിയുമെങ്കിലും സുരക്ഷിതമായ സൗരഫിൽട്ടറുകൾ ഇല്ലാത സൂര്യനെ നോക്കുന്നത് അപകടകരമാണെന്നും മുന്നറിയിപ്പുണ്ട്. ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നതും ചുറ്റുപാടുള്ള മറ്റു മേഖലകളേക്കാൾ താപ നില കുറഞ്ഞതുമായ ഇരുണ്ട ഭാഗങ്ങളാണ് സൂര്യ കളങ്കങ്ങൾ.
ഇവ സൗരോപരിതലത്തിലെ പ്ലാസ്മയിലെ കാന്തികച്ചുഴികളാണെന്നും പറയപ്പെടുന്നു.സൂര്യകളങ്കങ്ങളിൽനിന്നു രൂപപ്പെടുന്ന സൗരജ്വാലകളും ഇതോടനുബന്ധിച്ച് ഉണ്ടാകുന്ന ചാർജ് കണങ്ങളും ഭൂമിയുടെ കാലാവസ്ഥ നിയന്ത്രിക്കുന്നതിൽ സാരമായ പങ്കുവഹിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഇതുവഴി ഭൂമിയുടെ ധ്രുവപ്രദേശങ്ങളിൽ അറോറകൾ അഥവാ ധ്രുവദീപ്തികൾ ഉണ്ടാകാനും സാധ്യതയുണ്ട്. കൂടാതെ വൈദ്യുത വിതരണശൃംഖലകളെ താറുമാറാക്കാനും, ഉപഗ്രഹവാർത്താവിനിമയ സംവിധാനത്തെ താളം തെറ്റിക്കാനും ഈ സമയത്തെ കണികാപ്രവാഹത്തിന് കഴിയും. ഓരോ 11 വർഷത്തിലും സൗരകളങ്കങ്ങളുടെ എണ്ണം കൂടി വരുന്നതായി കാണപ്പെടുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.