കോഴിക്കോട്: പീഡനക്കേസിലെ പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസ് ഒളിപ്പിച്ചിരിക്കുന്നു എന്ന ആരോപണം തീർത്തും ബാലിശമാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഒളിപ്പിച്ചു വച്ച സ്ഥലം സിപിഎമ്മിന് അറിയില്ലെങ്കിൽ കൂടെ പോകാൻ താനും തയ്യാറാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. രാഹുൽ, പാർട്ടിയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തിട്ടില്ലെന്നും കോഴിക്കോട് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച ‘മീറ്റ് ദി ലീഡർ’ പരിപാടിയിൽ സണ്ണി ജോസഫ് പറഞ്ഞു. അതുപോലെ മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും ഇഡി നോട്ടീസ് അയച്ചത് അഡ്ജസ്റ്റ്മെൻ്റ് ആണ്. വിവേക് കിരണിന് അയച്ച നോട്ടീസിൻ്റെ ഗതി തന്നെയാകും ഇതിനുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
ഇതിനിടെ, രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് വിട്ടത് അതിവിദഗ്ധമായാണെന്ന് പോലീസ് കണ്ടെത്തി. ഫ്ലാറ്റിൽ നിന്ന് ഇറങ്ങിയത് മുതൽ സിസിടിവി ഇല്ലാത്ത റോഡുകൾ ഒഴിവാക്കിയായിരുന്നു യാത്ര. കൂടാതെ പോലീസിനെ ആശയക്കുഴപ്പത്തിലാക്കാൻ കാർ മാത്രമായി പല വഴിക്കു സഞ്ചരിച്ചു. സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ സിസിടിവി പരിശോധനയിൽ രാഹുലിൻറെ റൂട്ട് അവ്യക്തമാണ്. ഇന്നും സിസിടിവി കേന്ദ്രീകരിച്ച് പരിശോധന തുടരും. ഉച്ചയോടെ രാഹുൽ പോയ വഴി കണ്ടെത്താനാകുമെന്ന് പോലീസ് പറയുന്നു. കൂടാതെ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിടികൂടാൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
അതോടൊപ്പം രാഹുലിനെ കണ്ടെത്താൻ ഓരോ ജില്ലകളിലും പോലീസ് സംഘങ്ങളെ നിയോഗിച്ചു. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദ്ദേശ പ്രകാരമാണ് ഓരോ ജില്ലയിലെയും പരിശോധന. രാഹുലിനൊപ്പം കേസിലെ മറ്റൊരു പ്രതിയായ ജോബി ജോസഫിനായും തെരച്ചിൽ പുരോഗമിക്കുകയാണ്.
ഇതിനിടെ രാഹുലുമായി ബന്ധമുള്ള ചിലരെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഇവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ബലാത്സംഗ കേസിൽ രാഹുൽ നൽകിയ ജാമ്യാപേക്ഷ ബുധാനാഴ്ചയാണ് കോടതി പരിഗണിക്കുക. ജാമ്യാപേക്ഷ പരിഗണനയിലിരിക്കുമ്പോൾ അറസ്റ്റിന് തടസമില്ലെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം.
പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ രാഹുലിൻറെ സുഹൃത്തുക്കളുടെ വീടുകളിൽ ഉൾപ്പെടെ കഴിഞ്ഞ ദിവസം പരിശോധന നടന്നു. രാഹുലുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ് അന്വേഷണ സംഘം. ഇതിലൂടെ രാഹുലിലേക്കും ജോബിയിലേക്കും എത്താനാകുമെന്നാണ് പോലീസ് കണക്ക് കൂട്ടുന്നത്.



















































