മുട്ടയെ നമ്മള്‍ എപ്പോഴും ഒരു സൂപ്പർഫുഡായാണ് കണക്കാക്കുന്നത്. എന്നാൽ മുട്ടയുടെ മഞ്ഞക്കരു അമിതമായി കഴിക്കുന്നത് കൊളസ്ട്രോൾ കൂടാന്‍ കാരണമാകുമെന്ന പേടി ഉയർന്ന അപകടസാധ്യതയുള്ള വ്യക്തികള്‍ക്കുണ്ട് (ഹൃദ്രോഗികൾ, ഉയർന്ന രക്തസമ്മർദ്ദം മുതലായവ). എന്നാല്‍ ആഴ്ചയിൽ മിതമായ അളവിൽ (രണ്ടോ മറ്റോ) മുട്ട കഴിക്കുന്നത് അൽഷിമേഴ്‌സ്, ഡിമെൻഷ്യ വരാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് ഇപ്പോൾ ഒരു പഠനം പറയുന്നത്.
പതിവായി മുട്ട കഴിക്കുന്ന പ്രായമായവരിൽ, മുട്ട കഴിക്കാത്തവരെ അപേക്ഷിച്ച് അൽഷിമേഴ്‌സ് ഡിമെൻഷ്യ വരാനുള്ള സാധ്യത 47% കുറവാണെന്നാണ് ദി ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പഠനം പറയുന്നത്. പ്രോട്ടീന്‍, അയേണ്‍, ഫോസ്ഫറസ്, സെലീനിയം, വിറ്റാമിന്‍ എ, ബി, ഡി, ഇ, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവയൊക്കെ അടങ്ങിയതാണ് മുട്ട. മുട്ടയിൽ കാണപ്പെടുന്ന കോളിൻ ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും അൽഷിമേഴ്‌സ് ഡിമെൻഷ്യ വരാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.
മുട്ട കഴിക്കുന്നത് കൊണ്ടുള്ള മറ്റ് ഗുണങ്ങള്‍:
1. പ്രോട്ടീന്‍ സമ്പന്നമായ മുട്ട കഴിക്കുന്നത് പേശികളുടെ ആരോഗ്യത്തിനും ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റ് ചെയ്യുന്നവര്‍ക്കും നല്ലതാണ്. മുട്ടയിലെ ഉയർന്ന പ്രോട്ടീൻ ഉള്ളടക്കം വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും.
2. മുട്ടയിൽ അപൂരിത കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
3. വിറ്റാമിന്‍ ഡി അടങ്ങിയ മുട്ട കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
4. കണ്ണിന്‍റെ ആരോഗ്യത്തിന് ആവശ്യമായ രണ്ട് ശക്തമായ ആന്‍റി ഓക്സിഡന്‍റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയാൽ സമ്പന്നമാണ് മുട്ട.
5. വിറ്റാമിനുകളും ബയോട്ടിനും അടങ്ങിയ മുട്ട കഴിക്കുന്നത് ചർമ്മം, തലമുടി എന്നിവയുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.