കൊച്ചി: ഇന്ന് ഫ്ളാഗ് ഓഫ് ചെയ്ത എറണാകുളം-ബെംഗളൂരു വന്ദേഭാരതിൽ ദേശഭക്തി ഗാനമായി വിദ്യാർത്ഥികൾ ആലപിച്ചത് ആർഎസ്എസ് ഗണഗീതം. ദക്ഷിണ റെയിൽവേയാണ് എക്‌സിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സ്‌കൂൾ യൂണിഫോം ധരിച്ച ഒരു കൂട്ടം വിദ്യാർത്ഥികളും രണ്ട് പേരുമാണ് ഗണഗീതം ആലപിക്കുന്നത്. ദേശഭക്തി ഗാനമെന്ന നിലയിലാണ് ദക്ഷിണ റെയിൽവേ ഈ ഗാനം സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരിക്കുന്നത്.
‘എറണാകുളം-കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് ഉദ്ഘാടനത്തിൽ സന്തോഷത്തിന്റെ ഈണം. ഈ നിമിഷത്തിന്റെ ചൈതന്യം ആഘോഷിക്കുന്നതിന് സ്‌കൂൾ വിദ്യാർത്ഥികൾ ദേശഭക്തി ഗാനം പാടി’, എന്ന ക്യാപ്ഷനോട് കൂടിയാണ് ദക്ഷിണ റെയിൽവേ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഇന്നു രാവിലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്തത്. വാരാണസിയിൽ നിന്ന് വീഡിയോ കോൺഫെറൻസിങിലൂടെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. തുടർന്ന് എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്ന് എറണാകുളം-ബെംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനയോട്ടം ആരംഭിക്കുകയായിരുന്നു. അതേസമയം വിദ്യാർഥികൾ സ്കൂൾ യൂണിഫോമും സ്കൂളിന്റെയെന്നു കരുതുന്ന ടാകും കഴുത്തിലണിഞ്ഞാണ് ആർഎസ്എസ് ഗണഗീതം പാടിയത്.
അതേസമയം ഉദ്ഘോടനയോട്ടത്തിൽ ജനപ്രതിനിധികൾ, മാധ്യമ പ്രവർത്തകർ, അധ്യാപകർ, കുട്ടികൾ, സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർമാർ തുടങ്ങിയ സുവനീർ ടിക്കറ്റുള്ളവർ മാത്രമാണ് യാത്രചെയ്യുന്നത്. നവംബർ 11-ന് എറണാകുളം-ബെംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ സാധാരണ സർവ്വീസ് ആരംഭിക്കും. ബുക്കിങ് ശനിയാഴ്ച ഉച്ചയ്ക്കോ ഞായറാഴ്ച രാവിലെയോ തുടങ്ങും. എറണാകുളം-ബെംഗളൂരൂ എസി ചെയർ കാറിന് 1095 രൂപ വരെയും എസ് എക്സിക്യൂട്ടീവ് ചെയർ കാറിന് 2280 രൂപ വരെയും ആയിരിക്കും ടിക്കറ്റ് നിരക്ക്.

















































