ചെന്നൈ: ജാതി പറഞ്ഞ നടൻ പാർഥിപന് നേരെ രൂക്ഷവിമര്‍ശനം. വിമർശിച്ച് സോഷ്യൽ മീഡിയ. പവൻ കല്യാൺ നായകനായെത്തുന്ന ഉസ്താദ് ഭഗത് സിങ് എന്ന സിനിമയുടെ ഹൈദരാബാദിൽ വച്ച് നടന്ന പ്രൊമോഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു നടൻ. താൻ ഒരു നായിഡു ആണെന്ന് പറഞ്ഞാണ് പാർഥിപൻ സ്വയം പരിചയപ്പെടുത്തിയത്. തമിഴ്നാട്ടില്‍ നില്‍ക്കുമ്പോള്‍ ദ്രാവിഡ വ്യക്തിത്വം മഹിമയായി പറഞ്ഞ്, ജാതിക്കെതിരെ സംസാരിക്കുന്നവര്‍ തമിഴ്നാടിന് പുറത്ത് പോകുമ്പോള്‍ ജാതി പറഞ്ഞ് മേനി നടിക്കുന്നത് ഇരട്ടത്താപ്പാണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം.
സംസാരിക്കാൻ വേദിയിലേക്ക് വിളിച്ചപ്പോൾ ആദ്യം ഞാൻ എന്നെ ഒന്ന് പരിചയപ്പെടുത്താം എന്ന് പറഞ്ഞു കൊണ്ടാണ് പാർഥിപൻ തുടങ്ങിയത്.“എന്നെക്കുറിച്ച് ഒരു ചെറിയ മുഖവുര. ഞാന്‍ പാര്‍ഥിപന്‍, രാധാകൃഷ്ണന്‍ പാര്‍ഥിപന്‍. ഒരു നായിഡു ബോയ്. അതേ, ഒരു നായിഡു ബോയ്. പക്ഷേ ചെന്നൈയില്‍ ജനിച്ച് വളര്‍ന്ന കാരണത്താല്‍ എനിക്ക് തെലുങ്ക് അറിയില്ല. തമിഴാണ് എനിക്ക് സ്വാഭാവികമായി വരുന്ന ഭാഷ.പക്ഷേ ഇനി നേരില്‍ കാണുമ്പോള്‍, അത് ഈ സിനിമയുടെ വിജയത്തിന് ശേഷമായിരിക്കും, ഞാന്‍ പൂര്‍ണമായും തെലുങ്കില്‍ സംസാരിക്കുമെന്ന് ഈ മൂര്‍ത്തി ഉറപ്പ് നല്‍കുന്നു. മൂര്‍ത്തി എന്നാണ് എന്‍റെ യഥാര്‍ഥ പേര്”, പാര്‍ഥിപന്‍ പറഞ്ഞു.
തികച്ചും അവസരവാദപരമായ നിലപാടാണ് ഇതെന്ന് തമിഴ്നാട്ടിലെ മറ്റൊരു വേദിയില്‍ മുന്‍പ് ജാതിക്കെതിരെ പാര്‍ഥിപന്‍ സംസാരിച്ചതിനെക്കുറിച്ച് സൂചിപ്പിച്ചാണ് എക്സിലെ ഒരു വിമര്‍ശന പോസ്റ്റ്. വിവാദ പ്രസംഗത്തിനിടെ തമിഴരെക്കുറിച്ച് ബഹുമാനമില്ലാതെ സംസാരിച്ചുവെന്നും വിമര്‍ശനം ഉയരുന്നുണ്ട്.















































