ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് അവസാനിച്ചു. ബുധനാഴ്ച അർധരാത്രി 12നാണ് സമരം അവസാനിച്ചത്. കേരളം, ബിഹാർ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ പണിമുടക്ക് സമരം കർശനമായി. എന്നാൽ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ ജനജീവിതം സാധാരണ നിലയിലായിരുന്നു. ബാങ്കിംഗ് സേവനങ്ങളും പോസ്റ്റ് ഓഫീസ് അടക്കമുള്ള മറ്റു സേവനങ്ങളും തടസ്സപ്പെട്ടു. ഐടി മേഖലയിലെ യൂണിയനുകൾ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചു. എന്നാൽ ഐടി പാർക്കുകളുടെയും സ്പെഷ്യൽ എക്കണോമിക് സോണുകളുടെയും പ്രവർത്തനം സാധാരണ നിലയിൽ തുടർന്നു.
കേരളത്തിൽ പണിമുടക്ക് പൂർണമായിരുന്നു. ചുരുക്കം ചില കെഎസ്ആർടിസി ബസുകൾ നിരത്തിലിറങ്ങിയതല്ലാതെ മറ്റെല്ലാ സർവീസുകളും നിലച്ചു. ബിഹാറിൽ വന്ദേ ഭാരത് ട്രെയിൻ തടഞ്ഞു. ആർജെഡി കോൺഗ്രസ് നേതാക്കൾ സംയുക്തമായാണ് ട്രെയിൻ തടഞ്ഞത്. ബിഹാറിൽ പണിമുടക്ക് ശക്തമായിരുന്നു. ഹാജിപൂരിൽ റോഡിൽ ടയറുകൾ കത്തിച്ചു.
പശ്ചിമ ബംഗാളിൽ സർക്കാർ ബസ് സർവീസുകളെയും പണിമുടക്ക് ബാധിച്ചു. സില്ലിഗുരിയിൽ തൊഴിലാളി സംഘടനകൾ പ്രതിഷേധിച്ചു. അതേ സമയം, ഹൈദരാബാദിലും വിജയവാഡയിലും ജനജീവിതം സാധാരണ നിലയിലായിരുന്നു. ചെന്നൈയിലും ജനജീവിതം സാധാരണ നിലയിൽ തന്നെ പോയി. സർക്കാർ- സ്വകാര്യ ബസുകൾ പതിവുപോലെ ഓടി. ചെന്നൈയിൽ പണിമുടക്ക് ഓട്ടോ, ടാക്സി സർവീസുകളെ ബാധിച്ചില്ല.
രാജ്യവ്യാപകമായി 25 കോടി തൊഴിലാളികൾ പണിമുടക്കിന്റെ ഭാഗമാകുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചിരുന്നു. ഡല്ഹിയിൽ ഉച്ചയ്ക്ക് പ്രതിഷേധ സംഗമമുൾപ്പെടെ സംഘടിപ്പിച്ചു. വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ രണ്ട് മണിക്ക് ജന്ദർ മന്ദറിൽ പ്രതിഷേധിച്ചു.