വയറിൽ ക്യാൻസർ ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. മാറി വരുന്ന ഭക്ഷണ ശീലങ്ങളും ജീവിത രീതികളും ഇതിന് കാരണമാകുന്നുണ്ട്. വയറിലെ കോശങ്ങള്‍ നിയന്ത്രണമില്ലാതെ വളരാന്‍ തുടങ്ങുന്നതിനെയാണ് ഗ്യാസ്ട്രിക് ക്യാൻസർ എന്ന് പറയുന്നത്. മാറിയ ജീവിതശൈലിയും ഭക്ഷണരീതിയും ഗാസ്ട്രിക് ക്യാന്‍സറിനെ സ്വാധീനിക്കുന്ന ഘടകമാണ്.
ചില അണുബാധകള്‍, അള്‍സര്‍, ഹൈപ്പർ അസിഡിറ്റി, ഉപ്പിട്ട ഭക്ഷണത്തിന്‍റെ അമിത ഉപയോഗം, പഴങ്ങളും പച്ചക്കറികളും കുറച്ച് കഴിക്കുന്നത്, പുകവലി എന്നിവയെല്ലാം ആമാശയ ക്യാൻസറിന് കാരണമാകാം. വയറിൽ ക്യാൻസർ ബാധിച്ചാൽ പ്രകടമാകുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്…
വയറു നിറഞ്ഞതായി തോന്നുക
ഭക്ഷണം കുറച്ച് കഴിച്ചാലും വയറു നിറഞ്ഞതായി തോന്നുതാണ് ആദ്യത്തെ ലക്ഷണം. കാലക്രമേണ ഇത് ശരീരഭാരം കുറയ്ക്കുന്നതിലേക്ക് നയിച്ചേക്കാം.
നിരന്തരമായ ദഹനക്കേട്
നിരന്തരമായ ദഹനക്കേട് അല്ലെങ്കിൽ നെഞ്ചെരിച്ചിൽ എന്നിവ വയറിലെ ക്യാൻസറിന്റെ ലക്ഷണമാണ്. ദീർഘകാല ദഹനക്കേട്, ഭക്ഷണം കഴിച്ചതിനുശേഷം വയറു വീർക്കൽ, മാറാത്ത നെഞ്ചെരിച്ചിൽ എന്നിവ ഉണ്ടെങ്കിൽ അത് വയറ്റിലെ ക്യാൻസറിന്റെതാകാം. ഈ ലക്ഷണം കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തുക.
ഓക്കാനം, നേരിയ വയറുവേദന
പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെയുള്ള ഓക്കാനം, നേരിയ വയറുവേദന എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ. ഭക്ഷണത്തിനു ശേഷം ഇടയ്ക്കിടെ ഛർദ്ദില്‍ ഉണ്ടാവുന്നുണ്ടെങ്കിൽ അവഗണിക്കരുത്.
വിശപ്പില്ലായ്മ
വിശപ്പില്ലായ്മയാണ് മറ്റൊരു ലക്ഷണം. ക്യാൻസർ ബാധിച്ച ആളുകൾക്ക് വിശപ്പ് പൂർണ്ണമായും നഷ്ടപ്പെടുമ്പോഴാണ് കാഷെക്സിയ (Cachexia) വികസിക്കുന്നത്. ഇത് ശരീരഭാരം കുറയ്ക്കുന്നതിനും പേശികൾ നഷ്ടപ്പെടുന്നതിനും കാരണമാകുന്നു.
അമിത ക്ഷീണം
പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ നിരന്തരം ക്ഷീണമോ ബലഹീനതയോ അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം. ഇത് വയറിലെ ക്യാൻസറിന്റെ ലക്ഷണമാകാം.