തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാൻ പോലീസിന് നൽകിയ മൊഴി പുറത്ത്. ഉമ്മയെ ആക്രമിച്ച ശേഷം അമ്മൂമ്മ സൽമാ ബീവിയുടെ അടുത്തേക്കു പോയി. അവിടെച്ചെന്ന് ഒരുവാക്കുപോലും സംസാരിയ്ക്കാൻ നിൽക്കാതെ കണ്ടയുടൻ തലയ്ക്കടിച്ചെന്നാണ് പ്രതിയുടെ മൊഴി. തന്റെ ഉമ്മയെ നിരന്തരം കുറ്റപ്പെടുത്തി സംസാരിച്ചതാണ് അമ്മൂമ്മയോടുള്ള പ്രതികാരത്തിന് കാരണം. സാമ്പത്തിക പ്രതിസന്ധിക്കു കാരണം ഉമ്മയാണെന്ന് അമ്മൂമ്മ എപ്പോഴും കുറ്റപ്പെടുത്തുമായിരുന്നു. ഇതേചൊല്ലി അമ്മൂമ്മയുമായി സ്ഥിരം വഴക്കിട്ടിരുന്നതായും അഫാൻ മൊഴി നൽകി.
അഫാന്റെ അറസ്റ്റിനു മുമ്പു നടന്ന ചോദ്യം ചെയ്യലിൽ പാങ്ങോട് സിഐയോടാണ് വെളിപ്പെടുത്തൽ. കൊല്ലണമെന്ന ഒറ്റ ഉദ്ദേശത്തിൽ തന്നെയാണ് പാങ്ങോട് സൽമ ബീവിയുടെ വീട്ടിൽ എത്തിയത്. സാമ്പത്തിക പ്രതിസന്ധിക്കു കാരണം ഉമ്മയാണെന്ന് അമ്മൂമ്മ എപ്പോഴും കുറ്റപ്പെടുത്തുമായിരുന്നു. ഉമ്മയാണ് എല്ലാറ്റിനും കാരണം എന്നായിരുന്നു കുറ്റപ്പെടുത്തൽ. ഉമ്മയെ കുറ്റപ്പെടുത്തുന്നത് തനിക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല. ഇതേ ചൊല്ലി അമ്മൂമ്മയുമായി സ്ഥിരം വഴക്കിട്ടിരുന്നു. രാവിലെ ഉമ്മയെ ആക്രമിച്ച ശേഷം നേരെ അമ്മൂമ്മയുടെ വീട്ടിൽ പോയത് ഇത് കൊണ്ടാണ്. രാവിലെ തന്നെ ഉമ്മ മരിച്ചു എന്നാണ് കരുതിയത്. അമ്മൂമ്മയുടെ വീട്ടിൽ എത്തിയ ഉടൻ ചുറ്റിക കൊണ്ട് തലക്ക് അടിച്ചു. അമ്മൂമ്മയുമായി സംസാരത്തിന് നിന്നില്ല. തുടർന്നു ഒന്നര പവന്റെ മാല എടുത്ത് തിരികെ പോന്നു. ഈ മാല പണയം വെച്ചു 74000 രൂപ വാങ്ങി. 40000 രൂപ കടം വീട്ടിയ ശേഷം നേരെ ബാപ്പയുടെ സഹോദരന്റെ വീട്ടിലേക്കാണ് പോയത്. അമ്മമ്മയുടെ വീട്ടിൽ അഫാൻ ചിലവഴിച്ചത് 9 മിനിറ്റ് മാത്രമാണെന്നും അഫാൻ്റെ മൊഴിയിൽ പറയുന്നു.
അതേസമയം, അഫാന്റെ പിതാവ് റഹീം കേരളത്തിലെത്തി. യാത്രാ രേഖകൾ ശരിയായതോടെയാണ് ഇദ്ദേഹം എത്തിയത്. മരിച്ചവരെ അവസാനമായൊന്ന് കാണാൻ നാട്ടിലെത്താൻ പോലും കഴിയാത്ത പ്രതിസന്ധിയിലായിരുന്നു അഫാന്റെ അച്ഛൻ റഹീം. ഇഖാമ കാലാവധി തീർന്ന് രണ്ടര വർഷമായി സൗദിയിൽ യാത്രാവിലക്ക് നേരിടുകയായിരുന്നു. റഹീമിനെ എത്രയും വേഗം നാട്ടിലെത്തിക്കാൻ സാമൂഹ്യ സംഘടനകൾ ശ്രമം തുടങ്ങിയിരുന്നു. ഇതാണ് ഫലം കണ്ടത്.
റഹീം നാട്ടിൽ വന്നിട്ട് 7 വർഷമായി. ഇഖാമ കാലാവധി തീർന്നിട്ട് രണ്ടര വർഷമായി. മരിച്ച കുടുംബാംഗങ്ങളെ അവസാനമായൊന്ന് കാണണമെങ്കിൽ പോലും നടപടികൾ തീരുന്നത് വരെ കാത്തിരുന്നേ പറ്റുമായിരുന്നുള്ളൂ. ഒന്നുകിൽ സ്പോൺസറെ കണ്ടെത്തി ഇഖാമ പുതുക്കി പിഴയടച്ച് യാത്രാവിലക്ക് നീക്കണമെന്നായിരന്നു അവസ്ഥ. അല്ലെങ്കിൽ എംബസി വഴി, ലേബർ കോടതിയുടെ മുമ്പിലെത്തിച്ച് ഡീപ്പോർട്ട് ചെയ്യിക്കണം. വർഷങ്ങളായി റിയാദിലായിരുന്ന റഹീം കച്ചവടത്തിലെ തകർച്ചയെത്തുടർന്നാണ് പ്രതിസന്ധിയിലായത്. പിന്നീട് ദമാമിലേക്ക് മാറി. ഇതിനിടയിൽ കൊല്ലപ്പെട്ടവരും കൊന്നയാളുമെല്ലാം സ്വന്തം കുടുംബത്തിൽ നിന്നായ വലിയൊരു പ്രതിസന്ധിയും. എന്താണ് സംഭവിച്ചതെന്ന് റഹീമിന് ഇപ്പോഴും മനസ്സിലാക്കാനായിട്ടില്ല.