ബെംഗളൂരു: അമിതവേഗതയിൽ നിയന്ത്രണം വിട്ടെത്തിയ ആംബുലൻസ് സിഗ്നലിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് ദാരുണാന്ത്യം. ബെംഗളൂരു സ്വദേശികളായ ഇസ്മയിൽ(40) ഭാര്യ സമീൻ ബാനു(33) എന്നിവരാണ് ശനിയാഴ്ചയുണ്ടായ അപകടത്തിൽ മരണപ്പെട്ടത്. നഗരത്തിലെ റിച്ച്മണ്ട് സർക്കിളിന് സമീപം ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.
റെഡ് സിഗ്നലിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് നേരെ ആംബുലൻസ് അപ്രതീക്ഷിതമായി പാഞ്ഞടുക്കുകയായിരുന്നു. സിഗ്നലിലുണ്ടായിരുന്ന മൂന്ന് വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച ശേഷം ആംബുലൻസ് പോലീസ് ഔട്ട്‌പോസ്റ്റിൽ ഇടിച്ച് കയറി. അപകടത്തിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഇസ്മയിലും ഭാര്യ സമീൻ ബാനുവും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം സംഭവത്തെത്തുടർന്ന് വിൽസൺ ഗാർഡൻ ട്രാഫിക് പോലീസ് സംഭവസ്ഥലം സന്ദർശിച്ചു. ആംബുലൻസ് ഡ്രൈവർ അശോകിനെ കസ്റ്റഡിയിലെടുക്കുകയും എഫ്‌ഐആറും രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. അപകടകാരണത്തെക്കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

















































