ആലപ്പുഴ:വില്‍പ്പനക്കയ്ക്കായി കൊണ്ടുപോയ എംഡിഎംഎയുമായി അഭിഭാഷകയും മകനും അറസ്റ്റിലായി. അമ്പലപ്പുഴ കരൂര്‍ കൗസല്യ നിവാസില്‍ അഡ്വ. സത്യമോള്‍ (46), മകന്‍ സൗരവ്ജിത്ത് (18) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും പുന്നപ്ര പോലീസും ചേര്‍ന്ന് പിടികൂടിയത്. കരുനാഗപ്പള്ളി കുടുംബക്കോടതിയില്‍ അഭിഭാഷകയായി ജോലിചെയ്തു വരുകയായിരുന്നു സത്യമോള്‍.
മൂന്നുഗ്രാം എംഡിഎംഎയാണ് ഇവരില്‍നിന്ന് ആദ്യം കിട്ടിയത്. തുടര്‍ന്ന് അമ്പലപ്പുഴ പോലീസ് ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 2.5 ഗ്രാം എംഡിഎംഎ, 40 ഗ്രാം കഞ്ചാവ്, രണ്ടുഗ്രാം ഹൈബ്രിഡ് കഞ്ചാവ്, കഞ്ചാവ് വലിക്കാനുപയോഗിക്കുന്ന ഉപകരണം, പ്ലാസ്റ്റിക് കൂടുകള്‍ എന്നിവയും കണ്ടെത്തി.
എഡിജിപിയുടെ ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി പോലീസ് സംഘം തിങ്കളാഴ്ച രാവിലെ പുന്നപ്ര പറവൂരില്‍ ദേശീയപാതയില്‍ വാഹനപരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് കാറില്‍ സഞ്ചരിച്ചിരുന്ന പ്രതികള്‍ പിടിയിലായത്. മാസത്തില്‍ പലപ്രാവശ്യം എറണാകുളത്തുപോയി ലഹരിവസ്തുക്കള്‍ വാങ്ങി നാട്ടിലെത്തിച്ച് അമിതലാഭത്തില്‍ വില്‍പ്പന നടത്തുകയായിരുന്നു ഇവര്‍.
ലഭിക്കുന്ന പണമുപയോഗിച്ച് ആഡംബരജീവിതം നയിക്കുകയായിരുന്നു പ്രതികളെന്ന് പോലീസ് പറഞ്ഞു. ഗ്രാമിന് 1,000 രൂപയ്ക്ക് വാങ്ങുന്ന എംഡിഎംഎ 4,000 മുതല്‍ 5,000 വരെ രൂപയ്ക്കാണ് വിറ്റിരുന്നത്.