സ്റ്റോക്ക്ഹോം: വംശീയ മേൽക്കോയ്മ ഗ്രൂപ്പുകളുമായി മകന് ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുമായി സ്വീഡനിലെ മന്ത്രി. സ്വീഡനിലെ കുടിയേറ്റ കാര്യ മന്ത്രി ജോഹൻ ഫോർസെലാണ് മകന് വംശീയ മേൽക്കോയ്മ ഗ്രൂപ്പുകളുമായി അടുത്ത ബന്ധങ്ങളുണ്ടെന്ന് വ്യാഴാഴ്ച വിശദമാക്കിയത്. വംശീയ വെറിക്കെതിരായ പരിപാടിയിലാണ് സ്വീഡനിലെ മന്ത്രിയുടെ ഉറ്റ ബന്ധുവിന് തീവ്രവലത് പക്ഷ ഗ്രൂപ്പുകളിൽ സജീവ പങ്കാളിത്തമുണ്ടെന്ന് ആരോപിച്ചിരുന്നു.
എന്നാൽ 16കാരനായ മകന്റെ ഇത്തരം പ്രവർത്തനങ്ങളേക്കുറിച്ച് ധാരണയുണ്ടായിരുന്നില്ലെന്നാണ് ജോഹാൻ ഫോർസെൽ വ്യാഴാഴ്ച വ്യക്തമാക്കിയത്. രാജ്യത്തെ സുരക്ഷാ സർവീസ് അംഗങ്ങൾ ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇത് സംബന്ധിച്ച് ബന്ധപ്പെട്ടപ്പോഴാണ് മകന്റെ തീവ്രവലതു പക്ഷ ഗ്രൂപ്പുകളുമായുള്ള ഇടപെടൽ അറിയുന്നതെന്നും സ്വീഡൻ കുടിയേറ്റകാര്യ മന്ത്രി വിശദമാക്കുന്നത്. മിക്ക മാതാപിതാക്കൾക്കും അവരുടെ കൗമാരക്കാരായ മക്കൾ സമൂഹമാധ്യമങ്ങളിൽ എന്താണ് ചെയ്യുന്നതെന്ന ബോധ്യമുണ്ടാവില്ലെന്നും സ്വീഡിഷ് മാധ്യമത്തിന് നൽകിയ പ്രതികരണത്തിൽ മന്ത്രി വിശദമാക്കി.
നാസി അനുകൂല നോർഡിക് റെസിസ്റ്റൻസ് മൂവ്മെന്റുമായാണ് മന്ത്രിയുടെ മകൻ അടുത്ത ബന്ധം പുലർത്തുന്നത്. വംശീയ വെറിയുള്ള കൗമാരക്കാരെ ഓൺലൈനിലൂടെ ഒന്നിച്ച് ചേർക്കുകയാണ് ഇത്തരം സംഘടനകൾ ചെയ്യുന്നതെന്നാണ് പ്രതിരോധ വിദഗ്ധർ വിശദമാക്കുന്നത്. കൗമാരക്കാർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുമ്പോൾ അതിൽ രക്ഷിതാക്കൾക്കും ഉത്തരവാദിത്തമുണ്ടെന്ന നയത്തിന്റെ പ്രചാരകനായിരുന്നു മന്ത്രി. ഒരു രാഷ്ട്രീയക്കാരനെ സംരക്ഷിക്കാനുള്ള ശ്രമങ്ങളല്ല നടക്കേണ്ടതെന്നും ഒരു കുട്ടിയെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും മന്ത്രി ഇതിനോടകം വിശദമാക്കിയിട്ടുണ്ട്.
മകനുമായി ദീർഘ നേരം സംസാരിച്ചതായും തീവ്ര സ്വഭാവമുള്ള സംഘടനകളുമായി ബന്ധം ഉപേക്ഷിക്കാനുള്ള ഉപദേശം നൽകിയെന്നുമാണ് സ്വീഡൻ കുടിയേറ്റകാര്യ മന്ത്രി പ്രതികരിക്കുന്നത്. സ്വീഡനിലെ സെക്യൂരിറ്റി സർവീസിനോട് ഇക്കാര്യം വിശദമാക്കുമെന്നും അതൊരു അടഞ്ഞ അധ്യായം ആണെന്നും ജോഹൻ ഫോർസെൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. വിവരം അറിഞ്ഞ സമയത്ത് ഉത്തരവാദിത്തമുള്ള രക്ഷിതാവിനേപ്പോലെയാണ് ജോഹൻ ഫോർസെൽ പെരുമാറിയതെന്നാണ് സ്വീഡൻ പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സൺ പ്രതികരിക്കുന്നത്. 2022ൽ അധികാരമേറ്റതിന് പിന്നാലെ തീവ്ര സ്വഭാവമുള്ള കുടിയേറ്റ വിരുദ്ധ നിലപാടുള്ള സ്വീഡൻ ഡെമോക്രാറ്റ് പാർട്ടിയുമായി ചേർന്ന് പ്രവർത്തിച്ചതിന് വലിയ രീതിയിലാണ് വിമർശനം ഉയർന്നത്.