എറണാകളം: വരാനിരിക്കുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ പെരുമ്പാവൂരിൽ നിന്ന് ട്വന്റി 20 സ്ഥാനാർഥിയായി ലക്ഷ്മിപ്രിയ മത്സരിക്കുമെന്ന വാർത്തകളിലൂടെ നടി വലിയ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. എന്നാൽ വോട്ടർ പട്ടികയിൽ ലക്ഷ്മിപ്രിയയുടെ പേര് ഇല്ലാതെ വന്നത് എൻഡിഎയ്ക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. വോട്ടർ പട്ടികയിൽ പേരില്ലാത്ത സാഹചര്യത്തിൽ സ്ഥാനാർഥിത്വം തള്ളിപ്പോകാൻ ഇടയുള്ളതിനാൽ കാര്യങ്ങൾ വിശദമായി പരിശോധിച്ചു വരുന്നു എന്നാണ് എൻഡിഎ നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്.
താരസംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റ് കൂടിയാണ് ലക്ഷ്മിപ്രിയ. ജനവിധി തേടിയിറങ്ങുന്ന സെലിബ്രിറ്റികളായ രമേഷ് പിഷാരടി, അഖിൽ മാരാർ, വീണ നായർ, അഞ്ജലി നായർ തുടങ്ങിയവരുടെ ലിസ്റ്റിലാണ് ലക്ഷ്മിപ്രിയയും ഉണ്ടായിരുന്നത്. വോട്ടർ ലിസ്റ്റിൽ പേരില്ലാതയതോടെ ലക്ഷ്മിപ്രിയയ്ക്ക് നേരെ വൻ ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
‘ഇത്രയും ഗതികെട്ടവന്‍ വേറെയുണ്ടാകുമോ’ എന്ന ഡയലോഗ് ക്യാപ്ഷനാക്കിയാണ് പലരും നിലവിലെ സംഭവം സോഷ്യല്‍ മീഡിയയില്‍ ട്രോളാക്കിയിരിക്കുന്നത്. സ്ഥാനാര്‍ഥി പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെ ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളും ട്രോളൻമാർ ഏറ്റെടുത്തിട്ടുണ്ട്. തന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ദിലീപും സിദ്ദിഖുമെല്ലാം വരുമെന്നാണ് തന്റെ പ്രതീക്ഷയെന്നായിരുന്നു താരം പറഞ്ഞിരുന്നത്. താരത്തിന് വോട്ടില്ലെന്ന് അറിയാതെ പ്രചരണം നടത്താനായി പുറപ്പെട്ട മമ്മൂട്ടിയും മോഹന്‍ലാലും ഇനി എന്ത് ചെയ്യുമെന്നുമാണ് പലരും കമന്റിടുന്നത്.
മമ്മൂക്കയ്ക്കും ലാലേട്ടനും ഭാഗ്യമില്ലാ’, ‘ഇലക്ഷൻ പ്രചരണത്തിന് പെരുമ്പാവൂരിലേക്ക് പുറപ്പെട്ട മമ്മൂട്ടിയും, മോഹൻലാലും അങ്കമാലി വഴി തിരിച്ചു പോയി….ദിലീപ് ആലുവയിലെ വീട്ടിൽ തുടരുന്നു’, ‘ചേച്ചി അമ്മയില്‍ വോട്ട് ചെയ്ത കാര്‍ഡുമായി വന്നതാ’, ‘ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനെ.. മമ്മൂട്ടിയും മോഹൻലാലും ഇനി ആർക്ക് വേണ്ടി വോട്ട് പിടിക്കും’- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.












































